തിരുവനന്തപുരം: യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് മോശം ഭക്ഷണം വിളമ്പിയ സംഭവത്തിൽ സർവകലാശാല രജിസ്ട്രാർ വിദ്യാർഥികളുമായി ചർച്ച നടത്തി. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടുമെന്ന് രജിസ്ട്രാർ പറഞ്ഞു. മറുപടി തൃപ്തികരമല്ലെങ്കിൽ ഉടന നടപടി കൈകൊള്ളുമെന്ന് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. ഒരു മാസത്തിനുള്ളിൽ വിദ്യാർഥികൾ ഉന്നയിച്ച പരാതികൾ പരിഹരിക്കുമെന്ന് രജിസ്ട്രാർ വ്യക്തമാക്കി.
യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ കേടായ ഭക്ഷണമാണ് നൽകുന്നതെന്ന് വിദ്യാർഥികൾ പരാതി ഉന്നയിച്ചിരുന്നു. ഹോസ്റ്റലുകളിൽ നിശ്ചിത സമയത്തിനാകും ഭക്ഷണം തരിക. അതു പോലും വൃത്തിയായി നൽകാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നായിരുന്നു കുട്ടികളുടെ പരാതി.
ഭക്ഷണത്തിൽ പുഴുവിനെയും ഉപയോഗിച്ച ബാൻഡ് എയ്ഡും കണ്ടെത്തിയെന്നാണ് കുട്ടികൾ പറയുന്നത്. ഇതു സംബന്ധിച്ച് ഹോസ്റ്റൽ വാർഡനോട് പരാതി നൽകിയപ്പോൾ മോശം അനുഭവമാണ് തങ്ങൾക്ക് ഉണ്ടായെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ഇതിനെതിരെ യാതൊരു നടപടിയും ഹോസ്റ്റൽ അധികൃതർ കൈക്കൊണ്ടിട്ടില്ല. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഇതിനു മുന്പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. സ്ക്രൂ, പക്ഷി തൂവൽ, സ്ക്രബർ പീസ്, പുഴുക്കൾ, വണ്ട്, പ്രാണികൾ എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തിൽ നിന്ന് കിട്ടാറുണ്ട്.
ഇതെ കുറിച്ച് അധികൃതരുമായി സംസാരിച്ചപ്പോൾ ചെറിയ അശ്രദ്ധ മൂലം സംഭവിച്ചതാകുമെന്നാണ് അവരുടെ ന്യായമെന്നും വിദ്യാർഥികൾ കൂട്ടിചേർത്തു.
ഭക്ഷണത്തിൽ മാത്രമല്ല, മെസിലും വൃത്തിയില്ല. അവിടെ നിറയെ എലികളാണെന്നും. ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ മെസ്സിൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന ടേബിളിൽ എലി ചത്ത് കടന്നിട്ടുണ്ടെന്നും. അതിനെ നീക്കം ചെയ്യാൻ 12 മണിക്കൂർ വരെ എടുത്തിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു.
വിദ്യാർഥികൾ ഉന്നയിച്ച പരാതികൾക്ക് ഒരു മാസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് സർവകലാശാല രജിസ്ട്രാർ ഉറപ്പു നൽകി.