ന്യൂഡൽഹി: മെട്രോ ട്രാക്കിൽ നിന്ന് ആത്മഹത്യാഭീഷണി മുഴക്കി കോളജ് വിദ്യാർഥിനി. സെൻട്രൽ ഡൽഹിയിലെ ഷാദിപൂർ മെട്രോ സ്റ്റേഷനിലെ ട്രാക്കിൽ നിന്നാണ് റോഡിലേക്ക് ചാടാൻ യുവതി ശ്രമിച്ചത്. തുടർന്ന് മെട്രോ സ്റ്റേഷനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
മെട്രോ ട്രാക്കിലൂടെ നടന്ന് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നാലെ യുവതിയെ കുടുംബത്തിന് കൈമാറി.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മെട്രോ ട്രാക്കിൽ യുവതി നിൽക്കുന്നത് വീഡിയോയിൽ കാണാം. അവളുടെ ഒരു കൈയിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നു.
മാതാപിതാക്കളുമായി വഴക്കിട്ടതിനെ തുടർന്ന് കോളേജ് വിദ്യാർഥിനിയായ യുവതി അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്നലെ വൈകിട്ട് 5:30 ഓടെ, ഷാദിപൂർ മെട്രോ സ്റ്റേഷനിലെ ഒരു മെട്രോയിൽ നിന്ന് യുവതി ഇറങ്ങി ട്രാക്കിലൂടെ നടക്കാൻ തുടങ്ങി. അവളെ കണ്ടതും താഴെ റോഡിലുണ്ടായിരുന്ന ആളുകൾ നിലവിളിച്ചു, തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും യുവതി ചാടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.