ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും വിലക്കും പിഴയും. ഐഎസ്എല്ലിൽ വ്യാഴാഴ്ച പഞ്ചാബ് എഫ്സിയെ നേരിടാൻ ഒരുങ്ങിയിയിരിക്കേയാണ് ടീമിനു തിരിച്ചടിയായി കോച്ചിന്റെ വിലക്ക്. ഈ മത്സരത്തിൽ വുകോമനോവിച്ച് തന്ത്രങ്ങൾ പറഞ്ഞുകൊടുക്കാൻ ഡഗ് ഔട്ടിൽ ഉണ്ടാകില്ല. മത്സരത്തിനു തലേന്നുള്ള വാർത്താസമ്മേളനത്തിലും പങ്കെടുക്കാനാവില്ല.
റഫറിമാരെ വിമർശിച്ചതിനാണ് ഇത്തവണ അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ (എഐഎഫ്എഫ്) പരിശീലകനെതിരേ നടപടിയെടുത്തിരിക്കുന്നത്. ഒരു മത്സരത്തിൽനിന്നു വിലക്കും 50,000 രൂപ പിഴയുമാണുചുമത്തിയത്.
എഐഎഫ്എഫിന്റെ അച്ചടക്ക സമിതിയാണു നടപടിയെടുത്തത്. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാർക്കെതിരേ നടത്തിയ പരാമർശമാണു നടപടിക്കു കാരണമായത്. മത്സരത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ റഫറിമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ എടുത്തു പറഞ്ഞായിരുന്നു വിമർശനം.
ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനു ശേഷം റഫറീയിംഗിലെ പിഴവുകൾക്കെതിരേ വുകോമനോവിച്ച് വിമർശനം ഉയർത്തിയിരുന്നു. റഫറി ഓഫ്സൈഡ് വിളിക്കാതിരുന്നതിനെതിരേയും ചെന്നൈയിൻ എഫ്സി നേടിയ രണ്ടാം ഗോൾ അനുവദിച്ചതിനെതിരേയുമാണു വുകോമനോവിച്ച് വിമർശനം ഉയർത്തിയത്.
മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. “ഈ റഫറിമാരൊന്നും പ്രഫഷനലായ രീതിയിൽ മത്സരം കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരല്ല.
സത്യത്തിൽ ഇതൊന്നും അവരുടെ മാത്രം പിഴവല്ല, അവരെ പരിശീലിപ്പിക്കുന്നവരുടെയും കളത്തിലിറങ്ങാൻ അവസരം നൽകുന്നവരുടെയും പിഴവാണ്. ഈ വർഷം പ്ലേ ഓഫും ട്രോഫിയുമൊന്നും തീരുമാനിക്കപ്പെടുക ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകില്ല എന്നു പറയാൻ എനിക്കു വിഷമമുണ്ട്.
റഫറിമാരാകും ഇതെല്ലാം തീരുമാനിക്കുക. ഇതേക്കുറിച്ച് പറഞ്ഞുപറഞ്ഞ് ഞങ്ങൾ മടുത്തു. അവർ മെച്ചപ്പെടുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഇത്തരം തീരുമാനങ്ങൾ കളിയുടെ സ്പിരിറ്റിനെ കൊല്ലും.’’ -വുകോമനോവിച്ച് ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരശേഷം പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ വുകോമനോവിച്ച് വിലക്കിലായിരുന്നു. കഴിഞ്ഞ വർഷം ബംഗളൂരു എഫ് സി മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കാരെ തിരകെ വിളിച്ചതിനു വിലക്ക് നേരിട്ടിരുന്നു.
മാർച്ച് മൂന്നിനു നടന്ന പ്ലേ ഓഫ് മത്സരത്തിലാണു റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്.
സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാലു കോടി രൂപ പിഴ ചുമത്തി. വുകോമനോവിച്ചിന് പത്തു മത്സരങ്ങളിൽ വിലക്കും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.