കായംകുളം: വാട്സ് ആപിൽ അശ്ലീല ദൃശ്യം അയച്ച ആളെ പിടികൂടാൻ യൂത്തുകോൺഗ്രസ് നേതാവ് അരിതബാബു നിയമനടപടിക്ക്. ഇതുസംബന്ധിച്ച് കായംകുളം ഡിവൈഎസ്പിക്കു പരാതി നല്കുമെന്ന് അരിത ബാബു രാഷ്ട്രദീപികയോടു പറഞ്ഞു. ഇന്നലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതബാബുവിന്റെ ഫോണിലേക്ക് വിദേശ നമ്പറിൽനിന്ന് ഒരാൾ അശ്ലീല സന്ദേശം അയച്ചത്. അശ്ലീല വാട്സാപ്പ് സന്ദേശം ലഭിച്ച വിവരം അയച്ചയാളുടെ സ്ക്രീന് ഷോട്ട് സഹിതം അരിതബാബു പങ്കുവച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സിറ്റിംഗ് എംഎൽഎ അഡ്വ യു. പ്രതിഭയ്ക്കെതിരേ അരിത മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പുകാലത്തും നിരവധി സൈബർ ആക്രമണങ്ങൾ അരിത നേരിടേണ്ടിവന്നു.
അരിതയുടെ കുറിപ്പിൽനിന്ന്: ഏറെനാളായി സൈബർ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാൻ. ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബർ ഞരമ്പുരോഗികൾ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്നലെ ഉച്ചമുതൽ തുടർച്ചയായി എന്റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പറിൽനിന്നു വാട്സ് ആപിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരിക്കുകയാണ്.
ആരാണ് എന്ന് മെസേജിൽ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നൽകാതെ വീഡിയോ കോൾ തുടർന്നപ്പോൾ എന്റെ കാമറ ഓഫ് ചെയ്തശേഷം അറ്റൻഡ് ചെയ്തു. ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ കാമറ മറച്ചു പിടിച്ചിരുന്നു. പിന്നീടും എന്റെ ഫോണിലേക്ക് ഒരു സെക്കൻഡ് മാത്രം ദൈർഘ്യത്തിൽ നിൽക്കുന്ന അശ്ലീല ദൃശ്യങ്ങൾ അയയ്ക്കുകയുണ്ടായി.
സുഹൃത്തുക്കൾക്ക് ഈ നമ്പർ ഷെയർ ചെയ്ത പ്രകാരം അവരുടെ വീഡിയോ കോളിൽ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്. ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്പന്മാരെ തുറന്നു കാട്ടുകതന്നെ വേണം. ഇവനെ അറിയുന്നവർ ഉണ്ടെങ്കിൽ അഡ്രസ് കമന്റ് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. മറ്റൊന്നിനുമല്ല നിയമപരമായി നേരിടാൻ വേണ്ടിയാണ്.