ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്നു പ്രഖ്യാപിച്ചേക്കുമെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും തീരുമാനമായിട്ടും രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ ഉയർത്തിയ പ്രതിരോധത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണു ബിജെപി നേതൃത്വം.
സ്പീക്കർ സ്ഥാനം നൽകാമെന്നും ഉപമുഖ്യമന്ത്രിയാക്കാമെന്നുമൊക്കെ വാഗ്ദാനം ചെയ്തിട്ടും അവർ വഴങ്ങിയില്ലെന്നാണ് വിവരം. തന്നെ ആദ്യ ഒരു വർഷമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് അവസാനം അവർ മുന്നോട്ടുവച്ചതായും സൂചനയുണ്ട്. വസുന്ധരയെ മുഖ്യമന്ത്രിയാക്കില്ലെന്ന് തെരഞ്ഞെടുപ്പിനു മുന്പുതന്നെ ബിജെപി നേതൃത്വം നിശ്ചയിച്ചുറപ്പിച്ചിരുന്നു. അവരെ ഒഴിവാക്കിയാൽ ബിജെപിയിൽ ഉൾപ്പോരുണ്ടാവുകയും ഭരണം നഷ്ടപ്പെടുകയും ചെയ്യുമെന്നു തിരിച്ചറിഞ്ഞ പാർട്ടിനേതൃത്വം അവസാന ലിസ്റ്റിൽ അവരെ ഉൾപ്പെടുത്തുകയായിരുന്നു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സമയത്തും മുഖ്യമന്ത്രിയാരെന്ന് ബിജെപി ചൂണ്ടിക്കാട്ടിയില്ല.
കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിക്ക് വസുന്ധരയ്ക്കു മുന്നിൽ കീഴടങ്ങിയാൽ അതു പാർട്ടിക്കു നാണക്കേടായേക്കുമെന്നു ബിജെപി കേന്ദ്രനേതൃത്വവും കരുതുന്നു. വസുന്ധരയ്ക്ക് മറ്റു ചില ഓഫറുകൾ നൽകി അവരെ പിണക്കാതെ കൂടെക്കൂട്ടി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനായിരിക്കും ബിജെപി ശ്രമിക്കുകയെന്നാണു സൂചന.
ഇന്നു വൈകിട്ടോടെ രണ്ടിലൊന്ന് അറിയാനായേക്കും. 2003-08 കാലയളവിലും 2008-13 ലും രണ്ടുതവണ രാജസ്ഥാനിൽ മുഖ്യമന്ത്രിയായ വസുന്ധരയ്ക്കു രണ്ടു തവണയും ഭരണത്തുടർച്ച നേടാനായില്ല. ഇതാണ് അവർക്കുള്ള പ്രധാന നെഗറ്റീവ് പോയിന്റായി ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, 199 സീറ്റിൽ 115 സീറ്റു നേടിയാണ് രാജസ്ഥാനിൽ ബിജെപി വന്പൻ വിജയം നേടിയത്.