പെരിങ്ങോം: കാങ്കോല്‍ ആലക്കാട്ട് ഇന്നലെയുണ്ടായ സ്ഫോടനത്തിലും നായ ചത്ത സംഭവത്തിലും ആര്‍എസ്എസ് പ്രവര്ത്തകന് ആലക്കാട്ടെ കെ.എം. ബിജുവിനെതിരേ സ്ഫോടക വസ്തു കൈകാര്യ നിയമപ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തു.
ബിജുവിന്റെ വീടിനു സമീപത്തെ റോഡില്‍ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സ്ഫോടനം. സംഭവത്തില്‍ ഇയാളുടെ വളര്‍ത്തുനായയുടെ തല ചിതറിയ നിലയില്‍ ചത്തിരുന്നു.
വീട്ടില്‍ നിന്നും റോഡിലേക്ക് വന്ന നായ കടിച്ചെടുത്തിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അനുമാനം. സ്ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പെരിങ്ങോം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചത്ത നായയുടെ ശരീര ഭാഗങ്ങള്‍ സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിക്ഷേപിച്ച നിലയിലായിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങളും നായയുടെ രക്തവും മറ്റും സംഭവ സ്ഥലത്തുണ്ടായിരുന്നു.
നായയുടെ ജഡം ഇയാള്‍ തന്നെയാണ് തെളിവ് നശിപ്പിക്കുന്നതിനായി മറവ് ചെയ്തതെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഈ സംഭവത്തിലാണ് മനുഷ്യ ജീവന് ആപത്തുണ്ടാകുന്ന രീതിയില്‍ നാടന്‍ ബോംബ് കൈകാര്യം ചെയ്ത കുറ്റത്തിന് ഇയാള്‍ക്കെതിരേ കേസെടുത്തത്.
ഇതിനു മുന്‍പ് രണ്ടു തവണകളിലായി പ്രതിയുടെ വീട്ടില്‍ സ്ഫോടനം നടന്നിരുന്നു. ഒരു സ്ഫോടനത്തില്‍ ഇയാളുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവുമുണ്ടായിരുന്നു.
മറ്റൊരു സ്ഫോടനത്തില്‍ ബിജുവിന്റെ കൈ വിരലുകള്‍ അറ്റുപോയ സംഭവവുമുണ്ടായിരുന്നതായും അറിയുന്നു. കൊലപാതക കേസിലുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജു കാപ്പ ചുമത്തപ്പെട്ട് മാസങ്ങളോളം ജയിലിലുമായിരുന്നു.