പ്രേമത്തിലെ മലർ മിസ് ആയി വെള്ളിത്തിരയിലെത്തി മലയാളികളുടെയും പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. ഒരു സിനിമയിലൂടെ ഇത്രയധികം ആരാധകരെ നേടിയെടുത്ത മറ്റൊരു നായിക തെന്നിന്ത്യൻ സിനിമയിൽ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ടോ എന്നതുപോലും സംശയമാണ്. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി.
സിനിമകൾക്കു പുറമെ തന്റെ വ്യക്തിത്വം കൊണ്ടും വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സായ് പല്ലവി. വലിയ നായികയാണെങ്കിലും വളരെ സാധാരണ രീതിയിൽ വസ്ത്രം ധരിച്ചാണ് സായിയെ പൊതുവേദികളിൽ കാണുക. സിനിമകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിലും വളരെ സെലക്ടീവാണ് താരം. തനിക്കു ചേരുന്നതും അഭിനയ പ്രധാന്യമുള്ളതുമായ കഥാപാത്രങ്ങൾ മാത്രമാണ് നടി തെരഞ്ഞെടുക്കാറുള്ളത്. മാത്രമല്ല സിനിമ ഏറ്റെടുക്കണമെങ്കില്‍ കര്‍ശനമായ പല നിബന്ധനകളും നടി മുന്നോട്ടുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയുടെ ആ നിബന്ധനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
സിനിമയിലെത്തിയിട്ട് ഏഴു വർഷം കഴിയുമ്പോഴും തന്റെ ആദ്യ നിലപാടുകളിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടുപോയിട്ടില്ല എന്നതിന് സായ് പല്ലവിക്കു കൈയടിക്കുകയാണ് ആരാധകർ. സായ് പല്ലവിയുടെ നിബന്ധനകളിൽ ഏറ്റവും ആദ്യത്തേത്, കഥയുടെയും കഥാപാത്രത്തിന്റെയും പ്രാധാന്യം അനുസരിച്ചു മാത്രമേ സിനിമകൾ കമ്മിറ്റ് ചെയ്യാറുള്ളൂ എന്നതാണ്. ഏത് സൂപ്പർ താര സിനിമ ആണെങ്കിലും സായ് പല്ലവി ആ നിലപാടിൽ നിന്നു മാറാറില്ല.
അതുപോലെയാണ് ചുംബനരംഗങ്ങൾ. സ്ക്രീനിൽ ചുംബന രംഗങ്ങൾ ചെയ്യാൻ ആഗ്രഹിക്കാത്ത അപൂർവം നായികമാരിൽ ഒരാളാണ് സായ് പല്ലവി. അത്തരം രംഗങ്ങളുള്ള സിനിമകൾ എത്ര വലുത് തന്നെ ആയാലും നോ പറയുന്ന താരമാണ് സായ് പല്ലവി. ഒരിക്കൽ സിനിമയിൽ ചുംബനരംഗങ്ങൾ താൻ ചെയ്യാത്തതിന്റെ കാരണം നടി തുറന്നു പറഞ്ഞിരുന്നു. എന്റെ സിനിമകൾ മുഴുവൻ കുടുംബത്തിനും കാണാൻ കഴിയുന്നതാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലിപ്ലോക്ക് രംഗങ്ങൾ കൊണ്ട് അവരെ അസ്വസ്ഥരാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.
അതേസമയം അടുത്തിടെ ലവ് സ്റ്റോറി എന്ന ചിത്രത്തിൽ നടൻ നാഗ ചൈതന്യയ്ക്കൊപ്പം സായ് പല്ലവിയുടെ സെക്കൻഡുകൾ മാത്രമുള്ള ചുംബന രംഗം കടന്നുവന്നിരുന്നു. ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു ഈ രംഗം. എന്നാൽ താൻ ചുംബിച്ചിട്ടില്ലെന്നും അവിടെ കാമറ ടെക്നിക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും സായ് പല്ലവി വ്യക്തമാക്കി. വസ്ത്രത്തിന്റെ കാര്യത്തിലും സായ് പല്ലവിക്കു കർശന നിബന്ധനയുണ്ട്.
സാരിയോ ചുരിദാറോ പോലുള്ള സാധാരണ വസ്ത്രങ്ങൾ മാത്രമേ നടി സിനിമയിൽ ധരിക്കാറുള്ളു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ ഒരുപാട് ശരീരം കാണുന്ന വസ്ത്രങ്ങളോ നടി ധരിക്കാറില്ല. ഇതിനും സായ് പല്ലവി മുൻപ് വിശദീകരണം നൽകിയിട്ടുണ്ട്. താൻ അത്തരം വസ്ത്രങ്ങൾക്ക് എതിരല്ല, എന്നാൽ തനിക്ക് അവ ധരിക്കുന്നത് കംഫർട്ടബിൾ അല്ല എന്നാണ് സായ് പല്ലവി പറഞ്ഞത്.