കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരെ നാളെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കും.
ഇവരെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി എളമക്കര പോലീസ് ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കും.
കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചാണ് കുറ്റകൃത്യം നടത്തിയത്. അതിനുശേഷം മരണം ഉറപ്പാക്കുന്നതിനായി കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഇത് സ്ഥിരീകരിക്കാനായി ഇയാളുടെ ദന്തസാമ്പിളുകള് എടുത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി.
കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല
അതേസമയം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഇതുവരെ ബന്ധുക്കളാരും എത്തിയില്ല.
മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരായ ബന്ധുക്കളെ കണ്ടെത്തുന്നതിനായി പോലീസ് ഊര്‍ജിത ശ്രമം നടത്തുകയാണ്. ബന്ധുക്കള്‍ എത്തുന്ന മുറയ്ക്ക് മൃതദേഹം വിട്ടു നല്‍കുമെന്ന് കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ പറഞ്ഞു.
അശ്വതിയുടെ ആദ്യ പങ്കാളി ഇനിയും എത്തിയില്ല
അശ്വതി ഓമനക്കുട്ടന്റെ ആദ്യ പങ്കാളി ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അയാള്‍ ഹാജരായില്ല. കുഞ്ഞിന്റെ പിതാവ് കണ്ണൂര്‍ സ്വദേശിയാണെന്നാണ് അശ്വതി പോലീസിനോട് പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് ഇയാളില്‍ നിന്ന് വിവരങ്ങള്‍ തേടി. കുഞ്ഞ് തന്റേതാണെന്ന് ഇയാള്‍ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി ഇയാളോട് തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചത്. വരും ദിവസങ്ങളില്‍ ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.
ഡിസംബര്‍ മൂന്നിനായിരുന്നു അശ്വതിയുടെ മൗന സമ്മതത്തോടെ ഷാനിഫ് കുഞ്ഞിനെ കൊന്നത്. അശ്വതിയുടെ ആദ്യ പങ്കാളിയുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞ് തങ്ങളുടെ ജീവിതത്തില്‍ ബാധ്യതയാകുമെന്ന വിശ്വാസത്തിലാണ് ഇയാള്‍ കറുകപ്പള്ളിയിലെ ലോഡ്ജില്‍ വച്ച് കുഞ്ഞിനെ വകവരുത്തിയത്.