പട്ന: വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയിലെ സിമാര്വാഡ ഗ്രാമത്തിലാണ് സംഭവം.
പ്രദേശവാസിയായ സരിതകുമാരിയാണ് അറസ്റ്റിലായത്. യുവാവിന്റെ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നും യുവതിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
22കാരനായ ധര്‍മേന്ദ്ര കുമാറാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ടാക്സി ഡ്രൈവറാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഇരുവരും അയല്‍ക്കാരായിരുന്നു. അഞ്ച് വര്‍ഷമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും. യുവതിയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ധര്‍മേന്ദ്ര കുമാറിനെ വിളിച്ചു വരുത്തുകയും ഇവരും മറ്റൊരാളും ചേര്‍ന്ന് ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
പ്രദേശവാസികള്‍ ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചൊവാഴ്ച തന്നെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുവാവും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്നുവെന്നും ഇതാണ് ആക്രമിക്കാന്‍ കാരണമെന്നും യുവതി പോലീസിന് മൊഴി നല്കി.