ന്യൂഡൽഹി: കേരള സർക്കാരിനെതിരായ ആക്രമണം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിമാരും മന്ത്രിമാരും ചേർന്നു നടത്തുന്ന നവകേരള സദസിനെയും ഗവർണർ വിമർശിച്ചു.
എന്താണ് നവകേരള സദസിന്റെ ലക്ഷ്യമെന്നു ചോദിച്ച ഗവർണർ, പരാതി സ്വീകരിക്കുകയല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ലെന്നും പറഞ്ഞു. പരാതികള്‍ക്ക് പരിഹാരമില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പരിപാടിയെന്നും ഗവർണർ ഡൽഹിയിൽ ചോദിച്ചു.
എന്തിന്റെ പേരിലാണ് നവകേരള സദസ് നടത്തുന്നത്. മൂന്നു ലക്ഷം പരാതികൾ ലഭിച്ചുവെന്നാണ് പറയുന്നത്. ഇത് കളക്ടറേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്.
അല്ലെങ്കിൽ സെക്രട്ടേറിയറ്റിൽ തന്നെ നേരിട്ടെത്തി പരാതി നൽകാവുന്നതാണ്. പ്രതിസന്ധി കാലത്തും ധൂര്‍ത്തിന് കുറവില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരാണ്. ക്ലിഫ് ഹൗസിലെ സ്വിമ്മിംഗ് പൂൾ നവീകരണത്തിനായി ചെലവിട്ടത് പത്ത് ലക്ഷമാണ്.
അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല. എന്നാല്‍ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍ഷം സേവനം ചെയ്തവര്‍ക്ക് വരെ പെന്ഷന് ലഭിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.
സെനറ്റിലേക്ക് താൻ നാമനിർദേശം ചെയ്തവരുടെ ലിസ്റ്റ് മുഴുവൻ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും തന്റെ വിവേചനാധികാരം എങ്ങനെ പ്രയോഗിക്കണമെന്ന് സ്വയം തീരുമാനിക്കുമെന്നും ഗവർണർ മാധ്യമങ്ങളോടും പറഞ്ഞു.
താൻ ആളുകളെ തെരഞ്ഞെടുക്കുന്നതിന്റെ കാരണം ആരെയും ബോധ്യപ്പെടുത്തേണ്ടതിന്റെ ചുമതല തനിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.