കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കുട്ടികളെ ഇനി നായ പഠിപ്പിക്കും, കാണാം പുതുതായി നിയമിച്ച ഡോഗ് പ്രൊഫസറിന്റെ വിശേഷങ്ങള്‍

dog 2കാലം പോയ പോക്ക് എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല, പണ്ടു കാലം മുതല്‍ മനുഷ്യര്‍ നായകളെ ഓരോ ആവശ്യത്തിനായി പരിശീലിപ്പിക്കാറുണ്ട്. എന്നാല്‍ മനുഷ്യര്‍ നായകളില്‍ നിന്നും പലതും പഠിക്കാറുണ്ടെന്നു പറയാറുള്ളത് അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ലോസ് ആഞ്ചലസിലെ ദക്ഷിണ കലിഫോര്‍ണിയാ സര്‍വകലാശാലയാണ് ഒരു നായയെ പ്രൊഫസറായി നിയമിച്ച് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. ബ്യൂറിഗാര്‍ഡ് ടിറെബിറ്റര്‍ എന്നാണ് നായ പ്രൊഫസറിന്റെ പേര്. കിടിലന്‍ പേര് അല്ലേ. പ്രൊഫസറാണെങ്കിലും ഇദ്ദേഹത്തിന് അത്ര പ്രായമില്ല. വെറും രണ്ടു വയസുമാത്രമേ ഈ പ്രൊഫസറിനുള്ളൂ. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറും ഒരുപക്ഷെ ഇദ്ദേഹമായിരിക്കും.

സര്‍വകലാശാലയിലെ ആരോഗ്യ വിഭാഗത്തിലായിരിക്കും നായ പ്രൊഫസറിന്റെ സേവനം ലഭ്യമാകുക. മാനസിക സമ്മര്‍ദ്ദമുള്ള വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുക എന്നതാണ് പ്രൊഫസറിന്റെ പ്രധാന ജോലി. ശരിക്കും പറഞ്ഞാല്‍ ഒരു മനശാസ്ത്രഞ്ജന്‍ തന്നെ. ഓഫീസ് വേളയില്‍ മറ്റുള്ളവരേപ്പോലെ തന്നെ യൂണിഫോമും ബിസിനസ് കാര്‍ഡുമൊക്കെയണിഞ്ഞാണ് ഇരിപ്പ്. ക്യാമ്പസില്‍ കൂട്ടായ്മയുടെ അന്തരീക്ഷം സ്ഥാപിക്കാന്‍ പ്രൊഫസര്‍ ടിറെബിറ്ററിന് കഴിയുമെന്ന്് സര്‍വകലാശാലയിലെ ആരോഗ്യവിഭാഗം മേധാവി  പോള ലീ സ്വിന്‍ഫോര്‍ഡ് ഉറപ്പിച്ചു പറയുന്നു.

നായകളുമായി ഇടപെടുന്നത് കുട്ടികളില്‍ ശുഭാപ്തിവിശ്വാസം വളര്‍ത്താന്‍ ഉപകരിക്കുമെന്നാണ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഓള്‍ഗ സോളമന്‍ പറയുന്നത്. നായകളെ ഉപയോഗിച്ചു കൊണ്ടുള്ള തെറാപ്പികള്‍ ആളുകളിലെ സന്തോഷത്തിന്റെ ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്റെയും ഓക്‌സിറ്റോസിന്റെയും ഉത്പാദനം കൂട്ടുമെന്നും ഓള്‍ഗ പറയുന്നു. കുട്ടികളെ ഊര്‍ജസ്വലരാക്കാനുള്ള എന്തൊക്കെയോ പൊടിക്കൈകള്‍ പ്രൊഫസര്‍ ടിറേബിറ്ററിന്റെ പക്കലുണ്ടെന്നാണ് മറ്റ് പ്രൊഫസര്‍മാര്‍ പറയുന്നത്. ഈ സര്‍വകലാശാലയുടെ പാത മറ്റുള്ള സര്‍വകലാശാലകള്‍ പിന്തുടരുമോയെന്നാണ് ഇനി കാണേണ്ടത്.

Related posts