പാലക്കാട്: ജില്ലയിലെ കഞ്ചാവ് കേസ് പ്രതിയെ ഒഡീഷയിലെ ജയിലിൽനിന്നും കസ്റ്റഡിയിലെടുത്ത് കസബ പോലീസ്.ചന്ദ്രനഗർ കാരേക്കാട് കരിങ്കരപ്പുളളി സ്വദേശി മിഥുൻകുമാർ(28)നെയാണ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവു കടത്തിയ കേസിൽ ഒഡീഷയിലെ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ.
നാലുമാസം മുമ്പ് ജില്ലയിലെ നാല് പ്രതികളെയും ഒഡീഷയിലെ ഒരാളെയുമാണ് 210 കിലോ കഞ്ചാവുമായി അവിടത്തെ പോലീസ് പിടികൂടിയത്.ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്നു മിഥുൻ കുമാർ.2022ൽ പാലക്കാട് കൂട്ടുപാതയിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന നാലു കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയിരുന്നു.
കല്ലേപ്പുള്ളി സ്വദേശികളായ സനോജും അജിത്തുമാണ് അന്ന് പിടിയിലായത്.പിന്നീടുള്ള അന്വേഷണത്തിൽ കാരക്കാട് സ്വദേശിയായ ജിതിൻ എന്ന ജിത്തുവും ചന്ദ്രനഗറുള്ള സന്ദീപ്, ഒലവക്കോടുള്ള വിവേകിനെയും അറസ്റ്റു ചെയ്തിരുന്നു.
ഈ കേസിലെ പ്രതിയാണ് മിഥുൻകുമാർ. പാലക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയ ശേഷം ഒഡീഷയിലെ ജയിലിലേക്ക് കൊണ്ടുപോകും.
വലിയ സംഘത്തിലെ കണ്ണികൾ
കഞ്ചാവ് മൊത്തമായി ഒഡീഷയിൽ നിന്ന് കൊണ്ടുവരുകയും പാലക്കാട്, തൃശൂർ , മലപ്പുറം ജില്ലകളിൽ വില്പന നടത്തിവരുന്ന സംഘമാണിതെന്നു അന്വേഷണത്തിൽ വ്യക്തമായി.
ചരക്ക് വാഹനങ്ങൾ, വാടകയ്ക്കെടുക്കുന്ന വാഹനങ്ങളിലാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്.വാടകക്ക് എടുക്കുന്ന വീടുകളിലും മറ്റും സ്റ്റോക്ക് ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണിവർ. കേസിൽ കൂടുതൽ കുറ്റക്കാരുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐപിഎസ്, എഎസ്പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്ഐമാരായ മനോജ് കുമാർ , അനിൽ കുമാർ , എസ്സിപിഒമാരായ ആര്. രാജീദ്, സുനിൽ, അശോക്, പ്രിൻസ് എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.