കോഴിക്കോട്: മലപ്പുറത്തും കോഴിക്കോട്ടും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പണവും രേഖകളും പിടിച്ചെടുത്തു. കെട്ടിട നിര്‍മാണ കമ്പനികളുടെയും ആര്‍ക്കിടെക്ടുമാരുടെയും എന്‍ജിനീയര്‍മാരുടെയും ഓഫീസുകളിലും വസതികളിലുമാണ് റെയഡ് നടക്കുന്നത്. അമ്പതുകോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം.
മലപ്പുറം മഞ്ചേരിയിലെ കെട്ടിടനിർമാതാവിന്റെ വസതിയില്‍നിന്ന് 18 കോടി രൂപ പിടിച്ചെടുത്തു. ഷെല്‍ഫില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്ന് ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട്ടെ കെട്ടിട നിര്‍മാതാവായ ഗണേശനില്‍ നിന്ന് അഞ്ചുകോടിയുടെ നിക്ഷേപത്തിന്റെ രേഖ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഒരു സഹകരണ ബാങ്കിലുള്ള അനധികൃത നിക്ഷേപത്തിന്റെ രേഖയാണ് പിടിച്ചെടുത്തത്.
കോഴിക്കോട്ടെ ഒരു നിര്‍മാണ ഗ്രൂപ്പില്‍ നിന്ന് 17 ലക്ഷം രൂപ പിടിച്ചെടുത്തു. നിര്‍മാണ കമ്പനികളുടെയും ആര്‍ക്കിടെക്ടുമാരുടെയും കണക്ക് ഓഡിറ്റിംഗ് നടത്തുന്ന കോഴിക്കോട്ടെയും ബംഗളൂരുവിലെയും സ്ഥാപനങ്ങളിലും പരിശോധന നടന്നു.
കെട്ടിട നിര്‍മാണ കമ്പനികള്‍ വരുമാനത്തിന് അനുസൃതമായി ആദായ നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്നാണ് പരിശോധന നടന്നത്. വന്‍തുക കരാറില്‍ കെട്ടിടം നിര്‍മിക്കുന്ന കമ്പനികള്‍ നികുതി അടയ്ക്കാതെ കൃത്രിമം കാണിക്കുന്നതായി ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.