കണ്ണൂർ: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിൽനിന്ന് ഏഴര കോടി തട്ടിയ കേസിലെ പ്രതി ചിറക്കലിലെ കെ. സിന്ധുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമാണ് പോലീസ് സിന്ധുവിനെ ചോദ്യം ചെയ്തത്. അന്വേഷണ റിപ്പോർട്ട് 19ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനുശേഷമായിരിക്കും തുടർനടപടികളുണ്ടാകുക. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ ചോദ്യം ചെയ്തത്.
ഹൈക്കോടതിയിൽ സിന്ധു നൽകിയ മുൻകൂർ ജ്യാമ്യാപേക്ഷ പരിഗണിക്കവെയാണ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചത്. താൻ പണം തട്ടിയെടുത്തിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ മൂന്ന് ദിവസവും സിന്ധു ആവർത്തിച്ചു. കൃഷ്ണ ജ്വല്ലറിയിൽ ചീഫ് അക്കൗണ്ടന്റായ കെ. സിന്ധു വിവിധഘട്ടങ്ങളിലായി ഏഴരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് മാനേജിംഗ് ഡയറക്ടർ സി.വി. രവീന്ദ്രനാഥ് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.