നായ്കോലംകെട്ടുക എന്ന് കേട്ടിട്ടുണ്ട് എന്നാല്‍ അങ്ങനെയൊരു വീഡിയോയുമായി എക്സിലെത്തിയിരിക്കുകയാണ് ഒരു ജാപ്പനീസ് പൗരന്. 120000 ഇന്ത്യൻ രൂപയാണ് നായുടെ രൂപത്തിലേക്ക് മാറാന്‍ ഇയാള്‍ ചിലവാക്കിയത്. ടോക്കോ എന്നാണ് ഇയാള്‍ സ്വന്തം നായ രൂപത്തെ വിളിക്കുന്നത്.
സൗഹൃദത്തിനായി ടോക്കോ നായയെ സമീപിക്കുമ്പോള്‍ യഥാർത്ഥ നായ കുരച്ചുകൊണ്ട് പിന്നോട്ട് മാറുന്നതാണ് വീഡിയോയിലുള്ളത്. ഒരു കൈനീട്ടി സൗഹൃദം സ്ഥാപിക്കാന്‍ ടോക്കോ ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ കുരച്ചുകൊണ്ട് സീനില്‍നിന്ന് രക്ഷപെടാനാണ് നായ ശ്രമിക്കുന്നത്.
ടോക്കോ എന്ന പേരിലുള്ള എക്സ് ഐഡിയിലൂടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. നായയായി വേഷം മാറിയുള്ള മറ്റ് രസകരമായ ചിത്രങ്ങളും ഈ ഐഡിയിലൂടെ ടോക്കോ പോസ്റ്റുചെയ്യാറുണ്ട്.
നായയായ് വേഷംകെട്ടിയതിനെ പ്രതികൂലിച്ച് നിരവധിപേരാണ് വിമര്‍ശനങ്ങളുമായി വരുന്നത്. എന്നാല്‍ താന്‍ നായയായ് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആഴ്ച്ചയില്‍ ഒരുതവണ തന്റെ വീട്ടില്‍ മാത്രമാണ് ഈ വേഷം ധരിക്കാറുള്ളതെന്നും ടോക്കോ പറയുന്നു. 40 ദിവസത്തെ പരിശ്രമമാണ് നായയുടെ വേഷം നിര്‍മിക്കാന്‍ വേണ്ടിവന്നത്. ഇതിലൂടെ ഒരു മൃഗമായി മാറാനുള്ള തന്റെ സ്വപ്നമാണ് സാധിച്ചതെന്നും യുവാവ് പറയുന്നു.
തന്റെ പരിശ്രമത്തിന്റെ മുഴുവന്‍ വീഡിയോയും യൂട്യൂബിലൂടെ യുവാവ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ യുവാവ് തയ്യാറായിട്ടില്ല. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.