കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കിയ ശേഷവും സാക്ഷികളുടെ മൊഴിയെടുപ്പ് തുടരുമെന്ന് ക്രൈബ്രാഞ്ച്.
ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്നലെ രാത്രിയും തുടർന്നു. അവരുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളും പൂർത്തിയായി. പ്രതികളെ ഇനി കസ്റ്റഡിയിൽ വാങ്ങേണ്ടതില്ല എന്നും അന്വേഷണ സംഘം തീരുമാനിച്ചു.
തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് സഹായകമാകേണ്ട സകല തെളിവുകളും ഇതിനകം ശേഖരിച്ച് കഴിഞ്ഞതായി അന്വേഷണ സംഘ തലവൻ റൂറൽ കൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് പറഞ്ഞു.
ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട്. അതു കൂടി ലഭിച്ച് കഴിഞ്ഞാൽ കുറ്റപത്രം തയാറാക്കുന്ന നടപടികളിലേക്കു കടക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
ശാസ്ത്രീയ തെളിവുകൾ പോലെ തന്നെയാണ് സാക്ഷിമൊഴികളും. അതുകൊണ്ടാണ് ഇനിയും സാക്ഷികളുടെ മൊഴി വിശദമായി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.
ഇതിനന്റെ ഭാഗമായാണ് ഒന്നാം പ്രതി പദ്മകുമാറിന്റെ തെങ്കാശിയിലെ ഫാം ഹൗസ് നടത്തിപ്പുകാരൻ തമിഴ്നാട് സ്വദേശി നാസറിനെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. അഭിഭാഷകന് ഒപ്പം എത്തിയ ഇയാളുടെ മൊഴിയെടുപ്പ് മൂന്ന് മണിക്കൂർ നീണ്ടു. നാസറിന് കുട്ടിയെ തട്ടിക്കൊണ്ട് പോകലുമായി ഒരു ബന്ധവും ഇല്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
പദ്മകുമാറിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ബാധ്യതകളും ആസ്തിവകകളും തിട്ടപ്പെടുത്തുന്നത് പൂർത്തിയായിട്ടില്ല. ഇതിന് ഏതാനും ദിവസം കൂടി വേണ്ടിവരുമെന്നും പ്രതികൾക്ക് വൻ തുകയുടെ സാമ്പത്തിക ബാധ്യത ഉണ്ടെന്നുള്ളതിന് തെളിവുകൾ ലഭിച്ചതായും ഡിവൈഎസ്പി പറഞ്ഞു.
തണ്ടിക്കൊണ്ട് പോകലിന് പിന്നിൽ ഇപ്പോൾ അറസ്റ്റിലായ മൂന്നുപേർ മാത്രമാണ്. ഗൂഢാലോചനയിലും ആസൂത്രണത്തിലും കൃത്യം നടത്തിയതിലും ഇവർ തുല്യ പങ്കാളികളുമാണ്. നാലാമത് ഒരാളിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളോ സൂചനകളോ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ലഭിച്ചിട്ടില്ലായെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
എസ്.ആർ. സുധീർ കുമാർ