ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടിപൊളി യാത്ര പോകേണ്ടത് – വെക്കേഷൻ അടുക്കുമ്പോൾ ഉയരുന്ന ഈ ചോദ്യത്തിന് ഇപ്പോൾ തൃശൂർക്കാർക്ക് മറുപടി ഒന്നേയുള്ളൂ.
മ്മക്ക് മ്മ്ടെ ആനവണ്ടില് അങ്ങട് ഒരു റൗണ്ട് പൂവാലോ…
അതെ, ഇപ്പോൾ തൃശൂർക്കാർ അവധി ദിവസങ്ങൾ ആഘോഷമാക്കാൻ ആനവണ്ടി അഥവാ കെഎസ്ആർടിസിയുടെ വിനോദസഞ്ചാര യാത്രകളാണ് തെരഞ്ഞെടുക്കുന്നത്. കുറഞ്ഞ ചെലവിൽ കാടും മലയും കടലും ഒക്കെ കണ്ട് സുരക്ഷിതമായി തിരിച്ചത്താൻ, കുടുംബസമേതം ഒരു ദിവസം ഉല്ലസിക്കാൻ, ഇതിലും നല്ല യാത്ര വേറെയില്ലെന്ന് ആനവണ്ടിയിൽ ഉല്ലാസ് യാത്രയ്ക്ക് പോയവർ പറയുന്നു.
കുറഞ്ഞ ചിലവിലുള്ള ലോ ബജറ്റ് ടൂർ പാക്കേജുകൾ ആണ് തൃശൂർ അടക്കം പല യൂണിറ്റുകളിൽ നിന്നും കെഎസ്ആർടിസി അവധി ദിനങ്ങളിൽ ഓപ്പറേറ്റ് ചെയ്യുന്നത്. തൃശൂരിൽ നിന്നും മലക്കപ്പാറ, നെല്ലിയാമ്പതി, കാന്തല്ലൂർ, ഗവി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഉല്ലാസയാത്ര പോകുന്നത്.
ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ തൃശൂർ യൂണിറ്റിൽ നിന്നുള്ള ആനവണ്ടിയുടെ യാത്രകൾ ആളുകൾക്ക് പ്രിയങ്കരമായി കഴിഞ്ഞു. ഇത്തരം യാത്രകൾക്ക് കുടുംബസമേതം എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.
ഈ മാസം 16, 17, 23, 24, 25, 26, 27, 28, 30, 31 തീയതികളിൽ നെല്ലിയാമ്പതിക്ക് യാത്രയുണ്ട്. മലക്കപ്പാറക്ക് 17, 24, 30, 31 തീയതികളിലാണ് യാത്ര. കാന്തല്ലൂർക്ക് പതിനേഴാം തീയതിയിലെ ട്രിപ്പ് ഫുൾ ആയിക്കഴിഞ്ഞു. 23, 31 തീയതികളിലാണ് ഇനിയുള്ള കാന്തല്ലൂർ യാത്ര. പതിനഞ്ചിനും 17 നുമുള്ള ഗവി യാത്രകളും ഹൗസ് ഫുൾ ആണ്.
ഇതിനെല്ലാം സാഗരറാണി എന്നൊരു ടൂർ പാക്കേജും തൃശൂരിൽ നിന്ന് ഒരുക്കിയിട്ടുണ്ട്. തൃശൂരിൽ നിന്നും പുറപ്പെട്ട് എറണാകുളം മറൈൻഡ്രൈവിൽ എത്തി അവിടെനിന്നും കപ്പലിൽ മൂന്നുമണിക്കൂർ കപ്പലിൽ കടലിൽ നടത്തുന്ന ഉല്ലാസ യാത്രയാണ് സാഗരറാണി പാക്കേജ്.
അസ്തമയം കടലിൽ വച്ചു കാണാനുള്ള അപൂർവ അവസരവും സാഗരറാണി പാക്കേജിൽ ഉണ്ട്.
രാവിലെ 11:30 തൃശൂരിൽ നിന്നും പുറപ്പെട്ട രാത്രി 9 30ന് തിരിച്ചെത്തുന്ന രീതിയിലാണ് സാഗരറാണി യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഈ ക്രിസ്മസ് ദിനത്തിലാണ് സാഗരറാണി യാത്ര സജ്ജമാക്കിയിട്ടുള്ളത്. 1360 രൂപയാണ്ഒരാൾക്ക് ഈടാക്കുന്നത്.
നെല്ലിയാമ്പതിക്ക് തൃശൂരിൽ നിന്ന് രാവിലെ എഴിനു പുറപ്പെട്ട് രാത്രി ഏഴിന് തൃശൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. 600 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെട്ടിട്ടില്ല. കാന്തല്ലൂർക്ക് തൃശൂരിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ രണ്ടിന് തിരിച്ചെത്തും.1080 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഇതിൽ ഭക്ഷണം ഉൾപ്പെട്ടിട്ടില്ല.
മലക്കപ്പാറയ്ക്ക് രാവിലെ 6:45 നു പുറപ്പെട്ട് രാത്രി 8:30 നു മടങ്ങിയെത്തും.500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെട്ടിട്ടില്ല. ഗവിയിലേക്ക് തൃശൂരിൽ നിന്നും പുലർച്ചെ ഒരുമണിക്ക് പുറപ്പെട്ട് പിറ്റേദിവസം അതേ സമയത്ത് തിരിച്ചെത്തും. 2350 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഉച്ചഭക്ഷണവും ബോട്ടിംഗും അടക്കമാണ് ഈ നിരക്ക്. 24 മണിക്കൂർ വിനോദയാത്രയാണ് ഗവി ട്രിപ്പ്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിളിക്കേണ്ട നമ്പർ 9656018514.
താരതമ്യേന കുറഞ്ഞ നിരക്കിൽ വിനോദയാത്ര നടത്താൻ സാധിക്കുന്നു എന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണെന്നും സ്ത്രീകളും കുട്ടികളും അടക്കം ധൈര്യമായി ഈ ട്രിപ്പുകളിൽ യാത്ര ചെയ്യാമെന്നും ഭക്ഷണമടക്കം എല്ലാ കാര്യങ്ങളിലും കെഎസ്ആർടിസി അധികൃതരുടെ ശ്രദ്ധയുണ്ടെന്നും നെല്ലിയാമ്പതി യാത്ര കഴിഞ്ഞെത്തിയ ബൈജു താഴെക്കാട്ട് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇതിനകം വൈറലായി കഴിഞ്ഞു.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഒരുക്കുന്ന ഈ യാത്രകൾക്ക് റസിഡൻസ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ, സ്കൂളുകൾ എന്നിവയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ട്രിപ്പ് കോ – ഓർഡിനേറ്റർ എം രാജേഷ് പറഞ്ഞു. അപ്പോൾ ഇനി വേറൊന്നും നോക്കാനില്ല.. ഇത്തവണ ക്രിസ്മസ് വെക്കേഷൻ ആനവണ്ടിക്കൊപ്പമാകാം.. കാടും മേടും കടലും ഗവിയും കണ്ട് അടിച്ചുപൊളിക്കാം..
ഋഷി