കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് 52കാരിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി റെയില്‍വേ ട്രാക്കിനു സമീപത്തുവച്ച് പീഡിപ്പിച്ചു. പ്രതിയെ കണ്ടെത്താനായി നഗരം മുഴുവന്‍ തിരഞ്ഞ് പോലീസ് സംഘം.
ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നാണ് അവിടെ വച്ച് പരിചയപ്പെട്ട ആള് മധ്യവയസ്കയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ആലപ്പുഴ സ്വദേശിനിയായ 52കാരി ലൈംഗിക തൊഴിലാളിയാണ്. കുറച്ചുകാലം റെയില്‍വേ സ്റ്റേഷനടുത്ത് ജോലി ചെയ്തിരുന്നു.
ഇന്നലെ മറ്റെന്തെങ്കിലും ജോലി തേടിയാണ് നോര്‍ത്തിലെത്തിയത്. ഇവിടെ ക്ലോക്ക് റൂമിലെ ജീവനക്കാരി വിളിച്ചിട്ടാണ് വന്നതെന്നാണ് മധ്യവയസ്ക പോലീസിനെ അറിയിച്ചത്.
അവിടെ എത്തിയപ്പോള്‍ റെയില്‍ വേ സ്റ്റേഷനില്‍ വച്ച് പരിചയപ്പെട്ട ആള് ഇവര്‍ക്ക് 500 രൂപ നല്കി കൂടെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ട്രെയിനില്‍ ഒരുമിച്ചു പോയാല്‍ പോലീസ് പിടികൂടുമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറി മെട്രോ സ്റ്റേഷനിലേക്ക് പ്പോകാമെന്നു പറയുകയായിരുന്നു.
ഇതുപ്രകാരം മധ്യവയസ്കയും യുവാവും ഒരുമിച്ച് റെയില്‍വേ സ്റ്റേഷനു പുറത്തേക്ക് ഇറങ്ങി. കുറച്ചു ദൂരം നടന്നപ്പോള്‍ കണ്ട ഓട്ടോറിക്ഷയില്‍ കയറി സൗത്ത് ഭാഗത്തേക്ക് പോയി.
സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കമ്മട്ടി പാടം ഭാഗത്ത് ഇറങ്ങി റെയില്‍വേ ട്രാക്കിനടുത്തേക്ക് നടന്നു. അവിടെവച്ച് ആളൊഴിഞ്ഞ ഭാഗത്തുവച്ച് ഇയാള്‍ അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് മധ്യവയസ്ക പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. പരിക്കുകളോടെ ഇവര്‍ ചികിത്സയിലാണ്.
എന്നാല്‍ സംഭവം അറിഞ്ഞയുടന്‍ സെന്‍ട്രല്‍ എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അഞ്ച് ടീമായി തിരിഞ്ഞ് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചെങ്കിലും മധ്യവയസ്ക ഓട്ടോയില്‍ കയറി പോയതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല.
കമ്മട്ടി പാടം ഭാഗത്തേക്ക് കൊണ്ടു പോയി പീഡിപ്പിച്ചെന്നു പറയുമ്പോഴും ഈ ഭാഗത്ത് തിരക്കുള്ള സ്ഥലമാണ്. ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമായി നടക്കുകയാണ്.