തിരുവല്ല: സർക്കാർ നിയന്ത്രണത്തിലുള്ള ജവാൻ റം ഒരു ലിറ്റർ കുപ്പിയിൽ അളവിൽ കുറവുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് കേസ്. നിർമാതാക്കളായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരേ ലീഗൽ മെട്രോളജി വിഭാഗമാണ് കേസെടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് തിരുവല്ല പുളിക്കീഴ് പ്ലാന്റിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
തൊഴിലാളികൾ മദ്യം നേരിട്ട് നിറയ്ക്കുമ്പോഴുണ്ടായേക്കാവുന്ന സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
ആറ് കുപ്പികളിലാണ് മദ്യം കുറവാണെന്നു കണ്ടെത്തിയത്. ചില കുപ്പികളിൽ മദ്യം കൂടുതലായിരുന്നു. പ്ലാസ്റ്റിക് കുപ്പികളായതിനാൽ ജീവനക്കാർ മദ്യം നിറയ്ക്കുമ്പോൾ വായു നിറഞ്ഞ് അളവിൽ കൂടുതലോ കുറവോ വരാമെന്ന് ഉത്പാദകരായ ട്രാവൻകൂർ ഷുഗേഴ്സ് ആന്‍ഡ് കെമിക്കൽ ലിമിറ്റഡ് അധികൃതർ പറഞ്ഞു.
തങ്ങളുടെ അളവിൽ കുറവ് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും കന്പനി വ്യക്തമാക്കുന്നു. കുപ്പി നിർമിക്കുന്ന കമ്പനികളോടു വിശദീകരണവും തേടി.ലീഗൽ മെട്രോളജിയുടെ എറണാകുളം ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് പ്ലാന്റിൽ പരിശോധന നടത്തിയത്.