ഭുവനേശ്വർ: ഒഡീഷയിൽ കുഴൽക്കിണറ്റിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ഒരുദിവസം മാത്രം പ്രായമായ നവജാതശിശുവിനെ രക്ഷപ്പെടുത്തി.
വീർ സുരേന്ദ്രസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. കിണറ്റിൽനിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണു നാട്ടുകാർ വിവരമറിഞ്ഞത്.
അധികാരികൾ എത്തി പരിശോധിച്ചപ്പോൾ 13 അടി താഴ്ചയിൽ പ്ലാസ്റ്റിക് കുപ്പിയിൽ കെട്ടിയിറക്കിയ നിലയിലായിരുന്നു കുട്ടി.
മണ്ണുമാന്തിയന്ത്രത്തിന്റെയും ആളുകളുടെയും സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 100 വാട്ട് ബൾബും ഓക്സിജനും കിണറ്റിലെത്തിച്ചിരുന്നു.