ന്യൂയോർക്ക്: ലൈംഗിക അടിമയാണെന്ന കരാറിൽ ഒപ്പിടുവിച്ചു ദീർഘകാലം ലൈംഗികമായി ചൂഷണംചെയ്ത കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കെതിരേ പരാതിയുമായി ജീവനക്കാരി രംഗത്ത്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡ്ഷിഫ്റ്റിന്റെ സിഇഒക്കെതിരേ സ്ഥാപനത്തിലെ മുൻജീവനക്കാരിയാണ് പരാതി നൽകിയത്.
എക്സിക്യൂട്ടിവ് അസിസ്റ്റായി നിയമിച്ച് മാസങ്ങൾക്കുശേഷം ഒമ്പത് പേജുള്ള കരാറിൽ ഒപ്പിടാൻ നിർബന്ധിച്ചതായി യുവതി പറയുന്നു. കരാറിന്റെ ഉള്ളടക്കം ഏത് സമയത്തും “ലൈംഗിക ആവശ്യങ്ങൾക്ക് ലഭ്യമാകും’ എന്ന് ഉറപ്പു നൽകുക എന്നതായിരുന്നു. ശാരീരികമായി വേദനിപ്പിക്കുക, മറ്റ് വസ്തുക്കൾ ഉപയോഗിച്ച് ഉപദ്രവിക്കുക തുടങ്ങി മാരകമായ ലൈംഗിക ഭീകരതയ്ക്കാണ് തന്നെ വിധേയയാക്കിയത്.
ദേഷ്യമോ അസ്വസ്ഥതയോ കാണിക്കാൻ പാടില്ലെന്നും 58 കിലോഗ്രാമിനും 70 കിലോഗ്രാമിനും ഇടയിൽ ഭാരം നിലനിർത്തണമെന്നും കരാറിൽ പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന പേടി കാരണമാണ് താൻ വഴങ്ങിയതെന്നു യുവതി പരാതിയിൽ പറഞ്ഞു.
ആരോപണം വന്നതോടെ സിഇഒക്കെതിരേ ലൈംഗികാതിക്രമത്തിന് കമ്പനി മാനേജ്മെന്റ് നടപടിയെടുത്തിട്ടുണ്ട്. അതേസമയം, താൻ സിഇഒ ആയിരുന്ന സമയത്തോ ജീവിതത്തിലെ മറ്റേതെങ്കിലും സമയത്തോ ആരെയും ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് 45 കാരനായ ആരോപണവിധേയൻ പറയുന്നത്. തന്റെ സഹപ്രവർത്തകയുമായി പ്രണയബന്ധമുണ്ടായിരുന്നു എന്നും അത് ജീവിതത്തിൽ സംഭവിച്ച തെറ്റായിരുന്നുവെന്നും ഇയാൾ പറയുന്നു.