തിരുവനന്തപുരം/കൊല്ലം: കൊല്ലം തേവലക്കരയിൽ വയോധികയെ ക്രൂരമായി മർദിച്ച മരുമകളെ സംഭവത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. തേവലക്കര നടുവിലക്കരയിൽ വയോധികയായ ഭർതൃമാതാവിനെ ഉപദ്രവിച്ച സംഭവത്തിലാണ് ചവറയിലെ സ്വകാര്യ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ മരുമകൾ അറസ്റ്റിലായത്.
തേവലക്കര നടുവിലക്കര കിഴക്കേ വീട്ടിൽ ഏലിയാമ്മ വർഗീസി(80)ന്റെ പരാതിയിലാണ് ചവറ തെക്കുംഭാഗം പോലീസ് മരുമകൾ മഞ്ജുമോൾ തോമസി (37)നെ അറസ്റ്റ് ചെയ്തത്. അതേസമയം ആറര വർഷമായി മരുമകൾ തന്നെ മർദിക്കുകയാണെന്ന് ഏലിയാമ്മ മാധ്യമങ്ങളോടു പറഞ്ഞു.
വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദനമേറ്റ് താൻ നിലത്ത് വീണാലും ചവിട്ടും. വീടിനകത്ത് മക്കളുടെ മുന്നിൽ വച്ചായിരുന്നു മർദനം. ഇന്നലെ വൈകിട്ടും ആക്രമണമുണ്ടായി.
മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മർദനത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം.
പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വർഗീസ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ഹയർ സെക്കൻഡറി അധ്യാപികയായ മകൾ മഞ്ജുമോൾ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കൊല്ലത്തെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വധശ്രമം ഉൾപ്പെയുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. മാസങ്ങൾക്ക് മുന്‍പ് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കസേരയിലിരുന്ന വയോധികയെ മരുമകള്‍ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.