കൊച്ചി: നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ സംഭവത്തില്‍ ഇടനിലക്കാരന്റെ സുഹൃത്തിനെ പണംനഷ്ടപ്പെട്ടവര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് പോലീസ്.
ഫോണ്‍ വിളികളും, ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസില്‍ അറസ്റ്റിലായവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം.
സംഭവത്തില്‍ മറ്റ് ആളുകളുടെ പങ്കും പോലീസ് സംശയിക്കുന്നുണ്ട്. വൈകാതെ പ്രതികളെ പിടികൂടുമെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എട്ടുപേര്‍ ഒളിവില്‍ ഉള്ളതായാണ് പോലീസ് നല്കുന്ന വിവരം.
നഴ്സിംഗ് സീറ്റുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ആലപ്പുഴ സ്വദേശികളായ റെയീസ് (33), കൃഷ്ണ എം. നായര്‍ (19), തൃശൂര്‍ സ്വദേശി ജോവി ജോഷി (27), കളമശേരി സ്വദേശി നസറുദ്ദീന്‍ (27), ഏലൂര്‍ സ്വദേശി നല്കുല് എസ്. ബാബു (35) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
ഇടനിലക്കാരനായ എറണാകുളം സ്വദേശി അഖിലിനെ വിശ്വസിച്ച് റെയീസ് നഴ്സിംഗ് സീറ്റുകള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി അഞ്ച് പേരില്‍ നിന്നായി 18.5 ലക്ഷം രൂപ വാങ്ങിയിരുന്നു.
ഈ പണം റെയീസ് അഖിലിനാണ് നല്‍കിയത്. എന്നാല്‍ അഖില്‍ വാഗ്ദാനം ചെയ്ത സീറ്റ് നല്‍കിയില്ല. അഖിലിനെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.