ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളാണ് നയന്‍താര. തെന്നിന്ത്യന്‍ ഭാഷകളില്‍ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങുന്ന നയതാര അടുത്തയിടെ ഷാരൂഖ് ഖാനൊപ്പം അറ്റ്ലിയുടെ സംവിധാനത്തിൽ ജവാൻ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലേക്കുള്ള തന്റെ എന്‍ട്രിയും വിജയകരമാക്കി. എന്നാല്‍ നടി എന്ന നിലയില്‍ മാത്രമല്ല ഇപ്പോൾ നയന്‍സിനെ ബഹുമതികള്‍ തേടി എത്തുന്നത്.
2021ൽ ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം റൗഡി പിക്ചേഴ്സ് എന്ന നിര്‍മാണ കമ്പനി നയന്‍താര ആരംഭിച്ചിരുന്നു. ഈ വർഷം അതില്‍ നിന്നും വ്യത്യസ്തമായി വൈവിധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്റ് തന്നെ നയൻസ് അവതരിപ്പിച്ചിട്ടുണ്ട്. ചർമസംരക്ഷണ ബ്രാൻഡ് 9 സ്കിൻ, സാനിറ്ററി നാപ്കിൻ ബ്രാൻഡ് ഫെമി 9, സൂപ്പർഫുഡ് ബ്രാൻഡായ ദി ഡിവൈൻ ഫുഡ് എന്നിവയാണ് നയന്‍സ് ആരംഭിച്ച പുതിയ സംരംഭങ്ങള്‍.
ഇതിനാല്‍ തന്നെ ബിസിനസ് ടുഡേയുടെ ഡിസംബർ ലക്കത്തില്‍ സോയ അക്തർ, സംഗീത റെഡ്ഡി, മാധബി പുരി ബുച്ച് എന്നിവരോടൊപ്പം നയൻതാരയും ഇടം പിടിച്ചിട്ടുണ്ട്. ബിസിനസ് രംഗത്തെ ഏറ്റവും ശക്തരായ വനിതകള്‍ എന്ന ടൈറ്റിലാണ് ഇതിലൂടെ നയന്‍സിനെ തേടി എത്തിയത്. തന്റെ ഈ വിജയത്തിൽ തന്റെ ഭർത്താവിന് നിർണായക പങ്കുണ്ടെന്ന് സ്മരിച്ച് നയന്‍താര തന്നെ ഈ കവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിച്ചതിന് വിഘ്നേഷ് ശിവന് നന്ദിയെന്ന് പോസ്റ്റില്‍ നയന്‍താര പറയുന്നു.
അതേസമയം നയൻതാര നായികയായി എത്തിയ പുതിയ ചിത്രമാണ് അന്നപൂരണി. ഷെഫായിട്ടാണ് നയൻതാര അന്നപൂരണിയില്‍ വേഷമിടുന്നത്. നയൻതാരയുടെ അന്നപൂരണി മികച്ച ഒരു സിനിമയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നയൻതാരയുടെ മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തിലേത് എന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.