ചെറായി: റിസോർട്ടിൽ എത്തിയ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ മുനമ്പം പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു.
ചെറായി പട്ടത്താനത്ത് അപ്പൂസ് എന്ന് വിളിക്കുന്ന ശരൺ-29 , പറവൂർ പറയകാട് കല്ലു പുനത്ത് ജിത്ത് എന്ന് വിളിക്കുന്ന നിജിത്ത്-36, കൊടുങ്ങല്ലൂർ ഈശ്വരമംഗലത്ത് സ്മിതേഷ് -37, കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശ്ശേരി വീട്ടിൽ അഭിനന്ദ് -23 , എന്നിവരാണ് അറസ്റ്റിലായത്.
പറവൂർ കരുമാല്ലൂർ കുരീക്കശേരി സുജേഷ് -33, സുഹൃത്ത് സുധീഷ് – 29 എന്നിവരാണ് ആക്രമത്തിനും , തട്ടിക്കൊണ്ടു പോകലിനും ഇരയായത്. കഴിഞ്ഞ മാസം 23 ന് രാത്രി 7.30 ന് ചെറായി ബീച്ചിലെ ഗോൾഡൻ സാൻഡ് ബീച്ച് വില്ലേജ് റിസോർട്ടിൽ വച്ചായിരുന്നു സംഭവം.
സുജേഷും സുധീഷും റിസോർട്ടിലെത്തിയതായിരുന്നു. ഈ സമയം പ്രതികളായ ശരണും നിജിത്തും സ്ഥലത്തെത്തി ഇവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്രേ. പിന്നീട് അവിടെ നിന്നും കാറിൽ കയറ്റി കുഴുപ്പിള്ളി ബീച്ചിലെത്തിച്ചു.
അവിടെ വച്ച് മറ്റ് പ്രതികളായ സ്മിതേഷിനെയും അഭിനന്ദിനേയും ഒന്നാം പ്രതി ഫോൺ വിളിച്ച് വരുത്തിയത്രേ. പിന്നീട് ഇവരുടെ വക മർദനവും നടന്നു.
2,000 രൂപ മോചന ദ്രവ്യം വാങ്ങിയ പ്രതികൾ സുജേഷിനെയും സുഹൃത്തിനെയും തിരികെ ചെറായിലെ റിസോർട്ടിൽ എത്തിക്കുകയായിരുന്നു വത്രേ.
ഒന്നാം പ്രതിയെ അസഭ്യം പറഞ്ഞതിലുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് സുജേഷിന്റെ പരാതിയിലാണ് മുനമ്പം പോലീസ് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
നാലു പേരെയും കോടതിയിൽ ഹാജരാക്കി. എസ് ഐ മാരായ എം . അനീഷ്, ടി.കെ.രാജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.