ബംഗുളൂരു: വിധവയാണെന്ന് പറഞ്ഞ് ഭാര്യയെ വ്യവസായിക്ക് പരിചയപ്പെടുത്തി ഹണിട്രാപ്പ് നടത്തിയ യുവാവും സംഘവും അറസ്റ്റിൽ. സംഭവത്തിൽ ഖലീം, സബ, ഒബേദ് റക്കീം, അതീഖ് എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സെൻട്രൽ സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) സ്പെഷൽ വിങ് ആണ് ഹണിട്രാപ് സംഘത്തെ പൊക്കിയത്.
വ്യവസായിയായ അദിയുല്ലയെയാണ് ഹണിട്രാപ്പിൽ കുടുക്കാൻ സംഘം ശ്രമിച്ചത്. ഹണിട്രാപ്പ് ഒരുക്കിയത് ദമ്പതികളായ ഖലീമും സബയും ചേർന്നാണെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യവസായിയായ അദിയുല്ലയെക്കുറിച്ച് ഖലീം വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് അദിയുല്ലയുടെ അടുത്ത് ഭാര്യ സബയുമായെത്തി. വിധവയായ സ്ത്രീയാണെന്നു പറഞ്ഞാണ് പ്രതി വ്യവാസിയിക്ക് മുന്നിൽ സബയെ പരിചയപ്പെടുത്തിയത്.
വ്യവസായിയോട് സബയെ സഹായിക്കാൻ ആരുമില്ലെന്നും വിധവയായ സ്ത്രീയാണെന്നും കൂടെ നിർത്തി സംരക്ഷിക്കണമെന്നും ഖലീം പറഞ്ഞു. തന്ത്രപൂർവം ഫോൺ നമ്പർ വാങ്ങിയ സബ അദിയുല്ലയുമായി അടുത്തു. മൊബൈലിൽ പതിവായി സന്ദേശങ്ങൾ കൈമാറാൻ തുടങ്ങി. തുടർന്ന് സബ ആർആർ നഗർ പ്രദേശത്തെ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാനും ആധാർ കാർഡുമായി എത്താനും അദിയുല്ലയോട് പറഞ്ഞു. അദിയുല്ല ഹോട്ടലിലെത്തി.
മുറിയിലെത്തിയ അദിയുല്ലയെ പ്രതികൾ ഒരുമിച്ചു പൂട്ടിയിട്ടു. വിവരം പുറത്തുപറയാതിരിക്കാൻ ആറു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പണം നൽകാൻ വ്യവസായി തയ്യാറായില്ല. പിന്നീട് സംഭവം വലിയ വാക്കേറ്റത്തിലും തർക്കത്തിലുമെത്തി. പുറത്തേക്ക് ബഹളം കേട്ടതോടെ ഹോട്ടൽ അധികൃതർ ക്രൈംബ്രാഞ്ച് സംഘത്തെ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി എത്തി പ്രതികളെ കയ്യോടെ പിടികൂടി. ചോദ്യം ചെയ്യലിൽ ഹണിട്രാപ്പിൽ പെടുത്താൻ ശ്രമം നടന്നെന്ന് പറഞ്ഞതോടെ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രതികൾ നേരത്തെയും ഹണിട്രാപ്പ്, കവർച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.