കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ വിമർശനവുമായി മന്ത്രി പി. എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചതിനാലാണ് മുഹമ്മദ് റിയാസിന് മന്ത്രി പദം കിട്ടിയതെന്ന് വിമർശിച്ച കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് പി. എ മുഹമ്മദ് റിയാസ്.
അമ്മായി അച്ഛൻ മുഖ്യമന്ത്രി ആയതുകൊണ്ട് മാത്രം മന്ത്രി ആയ ആളല്ലേ താനെന്ന മുരളീധരന്റെ പരിഹാസത്തിനാണ് മുഹമ്മദ് റിയാസിന്റെ മറുപടി. നമോ പൂജ്യ നിവാരണ പദ്ധതിയിലൂടെയാണ് വി. മുരളീധരൻ മന്ത്രിയായത്, ഭരണഘടന പദവിയിലിരിക്കുന്ന ഗവർണറെ പോലും നിയന്ത്രിക്കുന്നത് ഇത്തരം മുരളീധരന്മാരാണെന്ന് മുഹമ്മദ് റിയാസ് തിരിച്ചും പരിഹസിച്ചു.
ജനാധിപത്യപരമായി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇത്തരം സൗകര്യങ്ങളും ഭരണഘടന പദവികളും ഉപയോഗപ്പെടുത്തുന്നു. തറവാട് സ്വത്തല്ല കേരളത്തിന് അർഹതപ്പെട്ട വിഹിതമാണ് ചോദിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.