തിരുവനന്തപുരം: കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ടു പോകുന്ന വന്യമൃഗങ്ങളെ പിടികൂടുന്പോൾ അതിനെ പ്രദർശന വസ്തുവാക്കരുതെന്നു വനംവകുപ്പുനിർദേശം.
പേരിനും പ്രശസ്തിക്കുമായി പരിചരണത്തിലുള്ള വന്യമൃഗങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ ഉത്തരവിൽ പറയുന്നു.
റാന്നിയിൽ കണ്ടെത്തിയ കുട്ടി ആനയെ പ്രദർശനവസ്തുവാക്കി എന്നത് അടക്കമുള്ള പരാതികളെ തുടർന്നാണ് ഉത്തരവിറക്കിയത്. ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമുണ്ട്.
സംസ്ഥാനത്തെ വിവിധ വനമേഖലകളോട് ചേർന്ന സ്ഥലങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ കാണപ്പെടുന്നതും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടത് അടക്കമുള്ള വന്യമൃഗങ്ങളെ അവയുടെ കൂട്ടത്തിലേക്ക് തിരികെ അയയ്ക്കുന്നതിനു പകരം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് ഒഴിവാക്കണം.
വന്യമൃഗങ്ങളെ രക്ഷപ്പെടുത്തുന്ന ഘട്ടത്തിലും സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുന്ന അവസരത്തിലും പരിചരിക്കുന്പോഴും പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുന്ന സാഹചര്യം വർധിക്കുന്നു.
ഇതു കർശനമായി ഒഴിവാക്കണം. സംരക്ഷണ കേന്ദ്രത്തിലേക്ക് വന്യമൃഗങ്ങളെ മാറ്റേണ്ട സാഹചര്യം ഉണ്ടെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മുൻകൂർ അനുമതി വാങ്ങണം.
അത്തരം സാഹചര്യത്തിൽ വന്യജീവികൾക്ക് അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണം.
വന്യമൃഗങ്ങളുടെ പരിചരണത്തിനുമായി രണ്ട് ഫീൽഡ് ജീവനക്കാരെ നിയോഗിക്കാം. ഈ ഘട്ടത്തിൽ മറ്റ് ഉദ്യോഗസ്ഥരുടെ സാമീപ്യം പരമാവധി ഒഴിവാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
സ്വന്തം ലേഖകൻ