ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധനശേഖരണത്തിനായി കോൺഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിംഗിന് ഇന്നു തുടക്കം. രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി.
പാർട്ടിയുടെ 138 വർഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക. ഓൺലൈനായും ഓഫ്ലൈനായും ഫണ്ട് ശേഖരണം നടത്തും. പാർട്ടി സ്ഥാപകദിനമായ ഡിസംബർ 28 വരെ ഓൺലൈനായും അതിനുശേഷം പ്രവർത്തകർ വീടുകളിൽ കയറിയും ഫണ്ട് ശേഖരിക്കും.
നൂറുവർഷങ്ങൾക്കുമുമ്പ് 1920-21ൽ മഹാത്മാ ഗാന്ധി ആരംഭിച്ച ചരിത്രപ്രസിദ്ധമായ “തിലക് സ്വരാജ് ഫണ്ടിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ സംരംഭമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നു കാന്പയിൻ ഉദ്ഘാടനം ചെയ്യും.
അതേസമയം, കോൺഗ്രസിന്റെ ഫണ്ട് സമാഹരണത്തെ പരിഹസിച്ച് ബിജെപി രംഗത്തുവന്നു. 60 വർഷമായി കൊള്ളയടിച്ചവർ രാജ്യത്തുനിന്ന് സംഭാവനകൾ തേടുകയാണെന്നാണ് ബിജെപി ആക്ഷേപിച്ചു. കോൺഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് സാഹുവിൽനിന്ന് 400 കോടി പിടിച്ചെടുത്തതിന്റെ നാണക്കേട് മറയ്ക്കാനാണ് പരിപാടിയെന്നും ബിജെപി കുറ്റപ്പെടുത്തി.
അതിനിടെ കോണ്ഗ്രസ് പ്രവർത്തകസമിതി യോഗം ഈ മാസം 21ന് നടക്കും. എഐസിസി ആസ്ഥാനത്താണു യോഗം. അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സ്വീകരിക്കേണ്ട തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയവും യോഗം വിശകലനം ചെയ്യും.
തൊഴിലില്ലായ്മയും വിലക്കയറ്റവും മുൻനിർത്തി തെരഞ്ഞെടുപ്പിനു മുന്പ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജാഥ നടത്തുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. പാര്ട്ടിയുടെ സ്ഥാപക ദിനത്തിൽ ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിൽ 10 ലക്ഷം പേരെ പങ്കെടുപ്പിച്ച് ഒരു മെഗാ പൊതുറാലി കോൺഗ്രസ് നടത്തും.
നാളെ ഇന്ത്യാ മുന്നണിയുടെ നാലാമത്തെ യോഗം ചേരുന്നുണ്ട്. ഉച്ചകഴിഞ്ഞു മൂന്നിന് ഡൽഹിയിൽ നടക്കുന്ന യോഗത്തിന്റെ പ്രധാന അജണ്ട ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമാണ്. കഴിഞ്ഞ ആറിനു വിളിച്ച യോഗം നേതാക്കളുടെ അസൗകര്യം മൂലം മാറ്റിവയ്ക്കേണ്ടിവന്നിരുന്നു.