ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന് വാട്സാപ്പിലൂടെ തുടർച്ചയായി വീഡിയോ കോൾ ചെയ്യുകയും അശ്ലീല ദൃശ്യങ്ങൾ അയയ്ച്ചു കൊടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ.
മലപ്പുറം അമരമ്പലം സ്വദേശി ഷമീറാണ് കായംകുളം പോലീസിന്റെ പിടിയിലായത്. ഖത്തറിൽ ജോലി ചെയ്ത് വരികയായിരുന്നു ഷമീർ. അശ്ലീലദൃശ്യങ്ങളുമായി ബന്ധപ്പെട്ട കേസ് വന്നതോടെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചിവിട്ടിരുന്നു.
വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ ചെയ്യുകയും പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയയ്ക്കുകയും ചെയ്തതോടെ അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തി പരാതി നൽകുകയായിരുന്നു.
ഇയാൾ വിദേശത്തുള്ളയാളാണെന്ന് അരിതയുടെ സുഹൃത്തുക്കളാണ് കണ്ടെത്തിയത്. ഇവർ ഷമീറിനെ ബന്ധപ്പെട്ടതോടെ ഇയാൾ അരിതക്ക് ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച് അയച്ചു കൊടുത്തിരുന്നു. എന്നാൽ ഒരു പെൺകുട്ടിയോടും ഇനി ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും ഇക്കാരത്താലാണ് പരാതി കൊടുത്തതെന്നും അരിത വ്യക്തമാക്കി.