ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനായും സൈനിക ഡോക്ടറായും ആൾമാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ച 37 കാരനായ കാഷ്മീരി യുവാവിന് പാക്കിസ്ഥാനുമായും കേരളത്തിലെ സംശയാസ്പദമായ സംഘടനകളുമായും ബന്ധമുണ്ടെന്ന് ഒഡീഷ പോലീസ്.
ഇയാൾ കാഷ്മീർ, യുപി, മഹാരാഷ്ട്ര, ഒഡീഷ എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഏഴ് യുവതികളെ പ്രതി വിവാഹം കഴിച്ചെന്നും പോലീസ് പറഞ്ഞു. കാഷ്മീരി സ്വദേശിയായ ഇഷാൻ ബുഖാരി (സയ്യിദ് ഇഷാൻ ബുഖാരി) ആണ് അറസ്റ്റിലായത്.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളുമായി ബന്ധപ്പെട്ട് കാഷ്മീർ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണിയാളെന്നും പോലീസ് പറഞ്ഞു.
അന്താരാഷ്ട്ര ബിരുദങ്ങളുള്ള ഡോക്ടറായി വേഷമിട്ട പ്രതിക്ക് ഒന്നിലധികം സ്ത്രീകളുമായി പ്രണയബന്ധവുമുണ്ടായിരുന്നു.ന്യൂറോ സ്പെഷ്യലിസ്റ്റ്, ആർമി ഡോക്ടർ, പിഎംഒയിലെ ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണ് പ്രതി ആൾമാറാട്ടം നടത്തിയത്.
ഇയാളിൽനിന്ന് യുഎസ്എയിലെ കോർണൽ യൂണിവേഴ്സിറ്റി, കനേഡിയൻ ഹെൽത്ത് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ നൽകിയ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നിരവധി വ്യാജ രേഖകൾ പിടിച്ചെടുത്തു.
വ്യാജ സത്യവാങ്മൂലങ്ങൾ, ബോണ്ടുകൾ, എടിഎം കാർഡുകൾ, ബ്ലാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ, വിസിറ്റിംഗ് കാർഡുകൾ എന്നിവയും പിടിച്ചെടുത്തവയിൽപ്പെടുന്നു.