തന്റെ ആദ്യ ചിത്രമായ ധടക്കിന്റെ സെറ്റിൽ വരുന്നതില്‍ നിന്ന് അമ്മയും നടിയുമായ ശ്രീദേവിയെ വിലക്കിയിരുന്നുവെന്നു വെളിപ്പെടുത്തി നടി ജാൻവി കപൂർ. എന്നാല്‍ ആ തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖം തോന്നിപ്പിക്കുന്ന കാര്യമാണ് ഇപ്പോഴെന്നും ജാന്‍വി വിശേഷിപ്പിച്ചു.
നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി 2018ലെ ധടക് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ദുബായിൽ വച്ച് ശ്രീദേവി മരിച്ച് മാസങ്ങൾക്ക് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്.
അമ്മയുടെ മേല്‍നോട്ടത്തില്‍ നിന്ന് എന്നും വിട്ടുനില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു. അതു ബോധപൂർവം ആഗ്രഹിച്ചതാണ്. ശ്രീദേവിയുടെ മകളായതുകൊണ്ടാണ് നിനക്ക് ആദ്യ സിനിമ കിട്ടിയത് എന്ന് ആളുകൾ നേരത്തെ പറഞ്ഞിരുന്നു.
അതിനാല്‍ തന്നെ ആദ്യചിത്രത്തില്‍ അമ്മയില്‍നിന്ന് ഒരു സഹായവും സ്വീകരിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. എന്റെ മുകളില്‍ അമ്മയ്ക്ക് ഒരു ശ്രദ്ധയുണ്ടെന്ന് മനസിലാക്കിയതിനാല്‍ ആദ്യ സിനിമ തുടങ്ങുമ്പോള്‍ തന്നെ പറഞ്ഞു. ദയവായി സെറ്റിൽ വരരുത്, എനിക്ക് സ്വന്തമായി ജോലി ചെയ്യണം.
ഇന്നത് എന്നെ സബന്ധിച്ചിടത്തോളം എത്രത്തോളം മണ്ടത്തരമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഞാൻ അന്ന് ഇത്തരം വിഡ്ഢിത്തരങ്ങളെല്ലാം അൽപ്പം ഗൗരവമായാണ് കണ്ടിരുന്നത്. അതിൽ ഞാൻ ഇപ്പോള്‍ ഖേദിക്കുന്നു. എനിക്കറിയാം സെറ്റിൽ വന്ന് ഒരു അമ്മയായി എന്നെ സഹായിക്കാൻ അവര്‍ ഒരുക്കമായിരുന്നു. ഞാന്‍ അത് സമ്മതിച്ചില്ല.
അമ്മേ, ദയവായി വരൂ, എനിക്ക് ഷൂട്ട് ഉണ്ട്. എനിക്ക് അമ്മയെ വേണം എന്ന് അന്നു ഞാൻ പറഞ്ഞിരുന്നെങ്കിലെന്ന് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു- ജാൻവി പറഞ്ഞു.