അഹമ്മദാബാദ്: മാസത്തിൽ രണ്ട് തവണ മാത്രം ഭർത്താവിനെ കാണാനെത്തുന്ന ജോലിക്കാരിയായ ഭാര്യയ്ക്കെതിരെ കോടതിയെ സമീപിച്ച് ഭർത്താവ്.
സൂറത്തിലെ കുടുംബ കോടതിയെയാണ് ഭർത്താവ് സമീപിച്ചിരിക്കുന്നത്. തന്നോടുള്ള കടമകൾ ചെയ്യുന്നതിൽ ഭാര്യ വീഴ്ച വരുത്തുവെന്ന് ആരോപിച്ചാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. പരാതിയിൽ മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിൽ മാത്രമാണ് ഭാര്യ തന്റെ വീട്ടിലെത്തുന്നതെന്നും മറ്റുള്ള ദിവസങ്ങളിൽ താമസിക്കുന്നത് ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പമാണെന്നും പറയുന്നു.
മകന് ജനിച്ചതിന് ശേഷം ജോലി സ്ഥലത്ത് അടുത്താണെന്ന പേരിൽ ഭാര്യ അമ്മയുടെ വീട്ടിലേക്ക് പോയെന്നും മകനെ അവഗണിക്കുന്നെന്നും പരാതിയിൽ പറയുന്നു. തനിക്കൊപ്പം സ്ഥിരമായി ഭാര്യ താമസിക്കണമെന്നാണ് പരാതിക്കാരന് ആവശ്യപ്പെടുന്നത്.
കുട്ടി ഉണ്ടായ ശേഷവും ഭാര്യ ജോലിക്ക് പോകുന്നതിലും ഇയാൾക്ക് എതിര്‍പ്പാണ്. മകന്റെ ആരോഗ്യത്തെ ഇത് ബാധിക്കുന്നുണ്ടെന്നാണ് ഇയാളുടെ വാദം. എന്നാൽ ഭാര്യ കുടുംബ കോടതിയെ ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു.
താൻ കൃത്യമായ ഇടവേളകളിൽ ഭർതൃഗൃഹത്തിൽ എത്തുന്നുണ്ടെന്നും ഭർത്താവിനോടുള്ള കടമകളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നില്ലെന്നും കോടതിയെ ഇവർ അറിയിച്ചു. എന്നാൽ കുടുംബ കോടതി ഈ അപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് യുവതി ഹൈക്കോടതിയെ സമീപിച്ചു.