ഉലകനായകൻ കമൽ ഹാസന്റെ മകളാണെങ്കിലും താരപുത്രിയുടേതായ ആനുകൂല്യങ്ങളൊന്നുമില്ലാതെ കരിയറിൽ സ്ഥാനം കണ്ടെത്തിയ നടിയാണ് ശ്രുതി ഹാസൻ. നടിയായും ഗായികയായും തിളങ്ങുന്ന താരമാണ് ശ്രുതി. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി വേഷമിട്ട ശ്രുതിക്കു കരിയറിൽ ഉയർച്ചകൾക്കൊപ്പം താഴ്ചകളും വന്നിട്ടുണ്ട്.
ഒരു ഘട്ടത്തിൽ ശ്രുതി സിനിമാ രംഗത്ത് സജീവമല്ലാതെയുമായി. എന്നാലിന്ന് ശ്രുതിയുടെ സിനിമകൾ തുടരെ വരുന്നുണ്ട്. എടുത്തുപറയത്തക്ക ഹിറ്റുകളൊന്നും നടിക്ക് അടുത്ത കാലത്ത് ഇല്ല. അതേസമയം റിലീസ് ചെയ്യാനിരിക്കുന്ന സലാർ എന്ന ചിത്രത്തിൽ ശ്രുതിക്കും ആരാധകർക്കും വലിയ പ്രതീക്ഷയുണ്ട്.
ഇപ്പോഴിതാ താൻ മദ്യപാനം നിർത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി ഹാസൻ. എട്ട് വർഷമായി താൻ മദ്യപിക്കാറില്ലെന്ന് ശ്രുതി തുറന്ന് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. പാർട്ടികളിൽ പങ്കെടുക്കുന്ന ആളാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. മുമ്പ് പാർട്ടികൾ ഇഷ്ടമായിരുന്നു.
പക്ഷെ കഴിഞ്ഞ എട്ട് വർഷമായി മദ്യപിക്കാറില്ല. മദ്യപിക്കാതെ പാർട്ടികളിൽ ആളുകളെ സഹിക്കുന്നത് ബുദ്ധിമുട്ടാണ്. മദ്യം ഒഴിവാക്കിയതോടെ പശ്ചാത്താപമോ ഹാംഗ്ഓവറോ ഇല്ല. ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. പക്ഷെ മദ്യം എന്റെ ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. ഒരു ഘട്ടത്തിന് ശേഷം മദ്യപാനം എനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് മനസിലാക്കി.
ഞാൻ എപ്പോഴും ഹാംഗ്ഓവറിലായിരുന്നു. എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ആഗ്രഹിച്ചു. സിഗരറ്റ് വലി ഏറ്റവും മോശമാണ്. തുടരെത്തുടരെ പാർട്ടികൾക്ക് ക്ഷണിച്ച് എന്റെ മദ്യപാന ശീലം വഷളാക്കിയവരിൽ നിന്നു അകലം പാലിച്ചു. അങ്ങനെയാണ് ആ ശീലം ഉപേക്ഷിച്ചത്- ശ്രുതി പറഞ്ഞു.