തൊടുപുഴ: മഴ പിന്‍വാങ്ങി തുടങ്ങിയതിനാല്‍ മുല്ലപ്പെരിയാര്‍ ഡാം അടിയന്തരമായി തുറക്കേണ്ടെന്ന് തീരുമാനം. കനത്ത മഴയിൽ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു രാവിലെ മുതല്‍ തുറന്നു വെള്ളം പുറത്തേക്കൊഴുക്കാന്‍ തീരുമാനിച്ചത്.
ഡാം തുറക്കുന്നതിനു മുന്നോടിയായി പെരിയാര്‍ തീരത്തുള്ളവര്‍ക്കു ജാഗ്രതാനിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ മഴ ദുര്‍ബലമായതോടെ ഡാമിലേയ്ക്കുള്ള നീരൊഴുക്കു കുറഞ്ഞ സാഹചര്യത്തിൽ ഷട്ടറുകള്‍ തുറക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. 138.55 അടിയാണ് ഇന്നു രാവിലത്തെ ജലനിരപ്പ്. അണക്കെട്ടിലെ അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്.
കഴിഞ്ഞ ദിവസം തമിഴ്നാട് അതിര്‍ത്തി മേഖലകളില്‍ മഴ ശക്തമായതോടെയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. തേനി ജില്ലയില്‍ അതിശക്തമായ മഴയാണു പെയ്തത്.
ഇതോടെ മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടില്‍നിന്നു വെള്ളം തുറന്നു വിട്ടിരിക്കുകയായിരുന്നു. ഡാം തുറന്നു വിട്ടാല്‍ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ എന്നിവിടങ്ങളിലെ ജനങ്ങളെയാണു ബാധിക്കുക.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നാലും ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പില്‍ കാര്യമായ ഉയര്ച്ചയുണ്ടാകാനിടയില്ലെന്നാണ് കണക്കുകൂട്ടല്‍.
നിലവില്‍ 2365.02 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഈ സമയം 2380.18 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നില്ല.