തൃശൂർ: പൂരം എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടകയെ ചൊല്ലിയുള്ള തർക്കത്തിൽ തൃശൂർ പൂരം ചടങ്ങുമാത്രമാക്കേണ്ടി വരില്ലെന്നു സൂചന. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് തൃശൂരിലെ മന്ത്രിമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം. നവകേരള സദസ് സമാപിച്ചാലുടൻ തൃശൂർ പൂരം വിഷയത്തിൽ സർക്കാർ ഇടപെട്ടേക്കും.
ഇന്നലെ ചേർന്ന തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിൽ തൃശൂർ പൂരം ചടങ്ങു മാത്രമാക്കേണ്ടി വരുമെന്ന സൂചന നൽകിയിരുന്നു.
തൃശൂർ പൂരം നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളൊന്നും കൈക്കൊള്ളേണ്ട എന്ന നിലപാടിലാണ് സർക്കാരും സിപിഎം നേതൃത്വവും. എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടക സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിനോടു കടുംപിടിത്തം വേണ്ടെന്ന് സിപിഎം നേതൃത്വം നിർദ്ദേശം നൽകുമെന്നാണു സൂചന.
തൃശൂർ പൂരം ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്താണ് വരുന്നത് എന്നതുകൊണ്ടുതന്നെ യാതൊരു വിധ പ്രശ്നങ്ങൾക്കും ഇടം കൊടുക്കരുതെന്നാണ് തീരുമാനം. അതുകൊണ്ടുതന്നെ സിപിഎം നേതൃത്വത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡിന് സർക്കാർ ഇതു സംബന്ധിച്ച നിർദ്ദേശം വൈകാതെ നൽകിയേക്കും. തൃശൂരിൽനിന്നുള്ള മന്ത്രിമാരായ കെ. രാധാകൃഷ്ണനും രാജനും ബിന്ദുവും തൃശൂർ പൂരം വിഷയത്തിൽ കൂടുതൽ സജീവമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.