ന്യൂഡൽഹി: പാർലമെന്റ് പുകയാക്രമണ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി സമൂഹ മാധ്യമ കന്പനി മെറ്റയ്ക്കു കത്തെഴുതി പോലീസ്. കേസിലെ പ്രതികൾ അംഗങ്ങളായ ഭഗത് സിംഗ് ഫാൻസ് ക്ലബ് ഗ്രൂപ്പിന്റെ വിവരങ്ങൾ ലഭിക്കുന്നതിനുവേണ്ടിയാണ് പോലീസ് കത്തെഴുതിയത്.
ഈ ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങളും പ്രതികളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് നേരത്തെതന്നെ നീക്കം ചെയ്തിരുന്നതായും റിപ്പോർട്ട് വന്നിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി ലളിത് ഝായുടെ വീട്ടിലടക്കം പോലീസ് പരിശോധന നടത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങളും പോലീസ് ശേഖരിക്കുകയാണ്.
മഹാരാഷ്ട്ര, ഹരിയാന, ഡൽഹി, കർണാടക, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൈസൂരു സ്വദേശി മനോരഞ്ജന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു. പ്രതികളുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.