മാനന്തവാടി: വയനാട് തലപ്പുഴയിൽ 18 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയില്‍ തുടര്‍ അന്വേഷണത്തിന് പോലീസ്. വരയാൽ സ്വദേശി ബീനയാണ് സഹോദരി ഷൈനിയുടെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
കേസെടുത്ത് അന്വേഷണം തുടങ്ങിയ തലപ്പുഴ പോലീസ്, ഷൈനി നേരത്തെ താമസിച്ചിരുന്ന വീടിനടുത്ത് ഇന്നലെ മണ്ണ് നീക്കിപരിശോധിച്ചു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
അമ്മയോടൊപ്പം താമസിച്ചിരുന്ന ഷൈനിയെ 2005 ഏപ്രില്‍ മുതല്‍ കാണാതായിരുന്നു. ഈ സമയം വിദേശത്തായിരുന്ന ബീന അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സഹോദരി വീട്ടില്‍ ഇല്ലെന്നു മനസിലായത്. ഹോം നഴ്സായി ജോലി ചെയ്തിരുന്ന ഷൈനി വിദേശത്തുപോയെന്നാണ് അമ്മയും കുടുംബാംഗങ്ങളില്‍ ചിലരും ബീനയെ അറിയിച്ചത്.
വര്‍ഷങ്ങള്‍ക്കുശേഷം വീട്ടുകാരില്‍ ചിലരില്‍ നിന്നാണ് ഷൈനി കൊലചെയ്യപ്പെട്ടതായി സൂചന ലഭിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ബീന പോലീസില്‍ പരാതി നല്‍കിയത്.
സഹോദരൻ നിധീഷിനെതിരെയാണ് ബീനയുടെ പരാതി. എന്നാൽ ബീനയുമായി സ്വത്തു തർക്കമുണ്ടെന്നും ആ വൈരാഗ്യത്തിലാണ് കെട്ടിച്ചമച്ചതാണ് പരാതി എന്നുമാണ് നിധീഷിന്റെ വിശദീകരണം. 18 വർഷം മുമ്പ് കാണാതായിട്ട് ഇപ്പോൾ പരാതി കൊടുക്കുന്നതിന് പിന്നിൽ ഇതാണ് കാരണമെന്നും നിധീഷ് വ്യക്തമാക്കി.
എന്തായാലും യുവതിയുടെ തീരോധാനത്തില്‍ തുടര്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. കുടുംബാംഗങ്ങളില്‍ നിന്നും ഉടന്‍ മൊഴി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഷൈനി വിദേശത്താണന്നാണ് നാട്ടുകാരും വിശ്വസിച്ചിരുന്നത്.