മലയാളികളുടെ ഇഷ്ടഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്. സംഗീത സംവിധായകന് ഗോപി സുന്ദറുമായി ലിവിങ് ടുഗെദറിലായിരുന്ന അഭയ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങളായിരുന്നു. അതേസമയം ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിച്ചതോടെ അഭയ നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയയാകുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് പാട്ടു പാടിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അഭയ.
സംഗീത സംവിധായകൻ പ്രശാന്ത് പിള്ള ഒരു ദിവസം എന്നെ വിളിച്ചിട്ട് ഒരു പാട്ട് നമുക്ക് ചെയ്തു നോക്കാം എന്നു പറഞ്ഞു. ഏകദേശം ഒരുവർഷം മുന്‍പാണ്. എനിക്കിഷ്ടമുള്ള സംഗീതസംവിധായകനാണ് പ്രശാന്ത്. അങ്ങനെ പാട്ടുപാടാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തുപോയി. പാടിയപ്പോൾ നാടകഗാനം പോലെ ഒരു പാട്ടാണെന്നു തോന്നി.
വളരെ ലളിതമായ, കേൾക്കുമ്പോൾ സുഖം തോന്നുന്ന ഒരു പാട്ടായിരുന്നു. പാട്ട് പാടാൻ വിളിക്കുമ്പോൾ ഏതു സിനിമയിലേക്ക്, ആരാണ് സംവിധായകൻ, ഈ പാട്ട് സിനിമയിൽ ഉണ്ടാകുമോ എന്നൊന്നും ഞാൻ ചോദിക്കാറില്ല. ആ പാട്ട് പാടി തിരിച്ചു വരുമ്പോഴും ഏത് സിനിമയാണെന്ന് അറിയില്ലായിരുന്നു. രണ്ടുമാസം മുൻപ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വിളിച്ചു.
പാട്ടുപാടാൻ വിളിക്കുകയാണെന്നാണ് കരുതിയത്. ഒരു കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാനാണ് വിളിച്ചത്. അപ്പോൾ അദ്ദേഹം അഭയ പാടിയ പാട്ട് കേൾക്കണ്ടേ എന്നു ചോദിച്ചു. ഞാൻ ചോദിച്ചു, ഞാൻ ലിജോയ്ക്കു വേണ്ടി എപ്പോഴാ പാടിയതെന്ന്.
അപ്പോൾ ലിജോ മാലൈക്കോട്ടെ വാലിബനിലെ പാട്ടാണെന്നു പറഞ്ഞ് ഞാൻ പാടിയ പാട്ട് കേൾപ്പിച്ചുതന്നു. അത് കേട്ടപ്പോൾ ഞാൻ സന്തോഷം കൊണ്ട് ഭൂമിയിലും ആകാശത്തുമല്ലാത്ത അവസ്ഥയിൽ ആയിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലും ഇതേ ഗാനം ഞാൻ പാടി. -അഭയ ഹിരൺമയി പറഞ്ഞു.