കണ്ണൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ചിനെതിരേ അടിയന്തരനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. മുന്‍ എംഎല്‍എ അനില്‍ അക്കരെ നല്കിയ പരാതിയിലാണ് നടപടി.
എച്ച്ആര്‍ ഒടിടി, എച്ച്ആര്‍ ക്രിപ്റ്റോ കറന്‍സി, വിദേശത്തേക്ക് ഫണ്ട് കടത്തല്‍ തുടങ്ങിയ പരാതികളിലാണ് നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവ്. ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങള്‍ അവസാനിക്കുകയാണെന്നും ഇന്നലെ രണ്ടരയോടെ ഹൈക്കോടതിയില്‍നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹൈറിച്ച് വക്താക്കള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നടപടി സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നൽകിയിരിക്കുന്നത്.
മണിചെയിന്‍ മാതൃകയിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമാണ് കമ്പനി നടത്തിവരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബഡ്സ് ആക്ട് പ്രകാരം കമ്പനിയുടെയും ഉടമകളുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.
കമ്പനിയുടെയും ഉടമകളുടെയും പേരില്‍ ആക്സിസ് ബാങ്കിലുള്ള ആറ് അക്കൗണ്ടുകളും, എച്ച്ഡിഎഫ്സി ബാങ്കിലുള്ള 28 അക്കൗണ്ടുകളും ഐഡിഎഫ്സിയിലെ മൂന്ന് അക്കണ്ടുകളുമുള്‍പ്പെടെ 37 അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
ഇവരുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ടും നൽകി. ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സജ്ജയ് കൗള്‍ നല്കിയ ഉത്തരവിനെ തുടര്‍ന്നാണ് ബഡ്സ് ആക്ടിലെ പ്രൊവിഷണല്‍ അറ്റാച്ച്മെന്റ് ഓര്‍ഡര്‍ വഴി കളക്ടര്‍ നടപടി സ്വീകരിച്ചത്.
ജിഎസ്ടി ഇന്റലിജന്‍സും, സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളും കുരുക്ക് മുറുക്കിയതോടെ താഴേത്തട്ടിലുള്ളവരോട് നിരവധി നുണകള്‍ പറഞ്ഞ് സമയം ദീര്‍ഘിപ്പിക്കാനുള്ള ശ്രമമാണ് ഹൈറിച്ച് വക്താക്കള്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായാണ് ഇന്നലെ കോടതിയില്‍നിന്നും അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രചാരണമുണ്ടായത്. എന്നാല്‍ കോടതിയില്‍ ഇന്നലെ പരിഗണിച്ച കേസുകളുടെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അക്കൂട്ടത്തില്‍ ഹൈറിച്ചുണ്ടായിരുന്നില്ല. പിന്നീട് വന്നത് സര്‍ക്കുലറാണ്.
29ന് പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നുമാണ് സര്‍ക്കുലറിലുളളത്.
ഇതിനിടയില്‍ കമ്പനിയിലേക്ക് നിക്ഷേപകരെ ചൂണ്ടയിട്ടു പിടിച്ചിരുന്ന പല പ്രമുഖരും ഒളിവിൽ പോയിരിക്കുകയാണ്. വീട്ടു മുറ്റത്ത് ആഡംബരമായി പ്രദര്‍ശിപ്പിച്ചിരുന്ന വാഹനങ്ങളും ഒളിപ്പിച്ചിരിക്കുന്നു.
മേലാളന്മാര് പറയുന്നതുകേട്ട് സോഷ്യല്‍ മീഡിയകളില്‍ ഹൈറിച്ചിന്റെ അപദാനങ്ങള്‍ പാടുന്നവരും ബഡ്സ് ആക്ട് പ്രകാരം കേസില്‍ പ്രതികളാകുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ ഇവയെല്ലാം ശേഖരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.