ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ എന്ന സൗഹൃദകൂട്ടായ്മയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ചു. ആഘോഷ വേളയിൽ പ്രസംഗത്തിനിടെ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘എനിക്കെന്റെ പിള്ളേരുണ്ടെടാ’ എന്നാണ് മോഹൻലാൽ പറഞ്ഞത്.
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
‘‘ഞാനുണ്ട് ഏട്ടാ കൂടെ’’ എന്ന് ഒരായിരം പേർ ഒന്നിച്ചുപറയുമ്പോൾ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ല എന്നു ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നേരില്‍ കാണുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല, സ്നേഹമില്ലാതെ മറ്റൊന്നും നിങ്ങൾ ആഗ്രഹിക്കുന്നുമില്ല എന്ന് മോഹൻലാൽ പറഞ്ഞു.
പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. സംഘടന ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്വമാണെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഒരുമിച്ച് നില്‍ക്കുമ്പോഴാണ് വളരാനാകുക എന്നും തന്റെ ഫാന്‍സ് അസോസിയേഷനോട് അന്ന് താന്‍ വെച്ച ഏക നിബന്ധന മത്സരം പാടില്ല എന്നത് മാത്രമായിരുന്നു എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
കഴിഞ്ഞ 43 വർഷത്തിനിടെ മലയാളികളുടെ മനസിൽ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം കൊണ്ടും പ്രാർഥന കൊണ്ടും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മതിലുകളിൽ പതിച്ച പോസ്റ്ററുകളേക്കാൾ എത്രയോ വലുതാണ് നിങ്ങളുടെ മനസില്‍ നിറഞ്ഞ പുഞ്ചിരി. നിങ്ങളുടെ ലാലേട്ടനായി എന്നെ നെഞ്ചോടു ചേർത്തുപിടിക്കുമ്പോൾ ഞാനനുഭവിക്കുന്ന സന്തോഷവും സുരക്ഷിതാ ബോധവും ഏത് അവാർഡിനേക്കാൾ വലുതാണെന്നും മോഹൻലാൽ കൂട്ടിചേർത്തു.