കൊച്ചി: ദുബായില്‍ അന്തരിച്ച നടി ലക്ഷ്മിക സജീവന്റെ (രേഷ്മ-24) സംസ്കാരം നടത്തി. ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പുലര്‍ച്ചെ മൂന്നിന് എയര്‍ അറേബ്യയുടെ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.
തുടര്‍ന്ന് സ്വദേശമായ പള്ളുരുത്തിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് ഒന്നര വരെ പള്ളുരുത്തി കോര്പ്പറേഷന് കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി ശ്മശാനത്തിൽ സംസ്കാരം നടത്തി. മൃതദേഹം കാലതാമസം കൂടാതെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന് എംപി കേന്ദ്ര വിദേശ കാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്തയച്ചിരുന്നു.
പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്- ലിമിറ്റ ദമ്പതികളുടെ ഏകമകളായ ലക്ഷ്മിക കഴിഞ്ഞ ഏഴിനാണ് ദുബായില്‍ അന്തരിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷാര്‍ജയില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.
കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയായത്. യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണതത്ത, സൗദി വെളളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.