ഒറ്റപ്പാലം : അക്ഷരമഭ്യസിക്കുന്നതിന് പ്രായമൊന്നും ഒരു തടസമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയാണ് ചെർപ്പുളശ്ശേരി കുറ്റാനിശ്ശേരി കൃഷ്ണൻ എന്ന കൃഷ്ണേട്ടൻ.
പ്രായം തളർത്താത്ത മനസുമായി അക്ഷരങ്ങളോടും അറിവുകളോടും ആത്മബന്ധം പുലർത്താനുള്ള വ്യഗ്രതയിലാണ് ഇദ്ദേഹം.ജില്ലാ സാക്ഷരതാ മിഷനു കീഴിൽ അടിസ്ഥാന സാക്ഷരതാ പരീക്ഷ ഇദ്ദേഹം മറികടന്നിരുന്നു.
ഇതിനും കൃഷ്ണനു പ്രായമൊന്നും ഒരു പ്രശ്നമല്ലായിരുന്നില്ല. ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നേടിയിട്ടില്ല. ജീവിതത്തിലെ വലിയ ആഗ്രഹം എഴുത്തും വായനയും പഠിക്കണമെന്നായിരുന്നു.
എന്നാൽ ഇതിനെല്ലാം അവസരമെത്തിയതു 95-ാം വയസിലാണെന്ന് മാത്രം. മനസ് ചെല്ലുന്നിടത്ത് ശരീരമെത്തിക്കാൻ കഴിയാത്തതിന്റെ ശാരീരിക അവശതകളൊക്കെ മറന്ന് ഇദ്ദേഹം കുത്തിയിരുന്നു പഠിച്ചു.
തുടർന്നാണ് അടിസ്ഥാന സാക്ഷരതാ പരീക്ഷയെഴുതിയത്. ഇവിടെ നിന്ന് നേടിയ വിജയമാണ് തുടർപഠനത്തിന് പ്രചോദനമായത്. സാക്ഷരതാ മിഷൻ വൊളന്റിയർ അധ്യാപികയായ മരുമകൾ ശശികലയാണ് ഇദ്ദേഹത്തിന്റെ ഗുരു.
എഴുത്തും വായനയുമെല്ലാം പേരക്കുട്ടികൾക്കൊപ്പമായതോടെ കൃഷ്ണന്റെ പഠനം വീടിനും ആഘോഷമാണ്.കൃഷ്ണനു സ്വർണപണിയായിരുന്നു തൊഴിൽ. ഇപ്പോൾ ശാരീരിക അവശതകളും കേൾവിക്കുറവുമുണ്ട്.
നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സാക്ഷരതാ മിഷൻ ഉദ്യോഗസ്ഥർ കുറ്റാനശ്ശേരിയിലെ വീട്ടിലെത്തിയാണു കൃഷ്ണനു പരീക്ഷയെഴുതാൻ സൗകര്യമൊരുക്കിയത്.
പഞ്ചായത്തംഗങ്ങളും അയൽവാസികളും പേരക്കുട്ടികളും പിന്തുണയുമായി ഒപ്പമിരുന്നു. ഇപ്പോൾ അടുത്ത ഘട്ടമായ നാലാം ക്ലാസ് തുല്യതാ പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലാണിദ്ദേഹം.