തിരുവില്വാമല : വിവിധ പദ്ധതികൾ മുഖേന അനുവദിക്കപ്പെട്ട ഒരു ഡസനോളം വീടുകൾ തിരുവില്വാമലയിൽ ഒഴിഞ്ഞു കിടക്കുന്നു. കാടിനു നടുവിൽ അനുവദിക്കപ്പെട്ട ഭൂമിയിൽ പിഎംഎവൈ, ലൈഫ് പദ്ധതികളിൽ ലഭിച്ച വീടുകളിലാണ് ആൾതാമസമില്ലാത്തത്.
തിരുവില്വാമല പഞ്ചായത്തിലെ പട്ടിപ്പറന്പ് കാട്ടിയൻ ചിറയിൽ വനാതിർത്തിയോടു ചേർന്ന ഭൂമിക്കടുത്തുള്ള സ്ഥലമായതിനാൽ ഇവിടേക്ക് വൈദ്യുതിയും വെള്ളവും എത്തിക്കാൻ കഴിയാത്തതാണ് കീറാമുട്ടിയായിരിക്കുന്നത് . ഇവിടേക്ക് വൈദ്യുതി എത്തിക്കാൻ 11 വൈദ്യുതി കാലുകൾ വേണം.
ഭൂമിഗീതം പദ്ധതിയിൽ രണ്ടേക്കർ സ്ഥലത്ത് നാലു സെന്റ് വീതം ലഭിച്ച ഗുണഭോക്താക്കളാണ് കാടിനു സമിപം വീട് പണി പാതി വഴിയിലായി കാത്തിരിക്കുന്നത്.
പണി പൂർത്തിയാവാതെയും ആരും താമസിക്കാനില്ലാതെയും വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന ഈ വീടുകൾ താമസയോഗ്യമാക്കാൻ വനംവകുപ്പിന്റെ അനുമതിയാണ് ഇനി ആവശ്യമായുള്ളത്.
വനഭൂമിയിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി വേണം. പല വീടുകളും വാർപ്പ് വരെയുള്ള പണി കഴിഞ്ഞ് കാടുപിടിച്ചു കിടക്കുകയാണ്. പണിക്കായി അന്ന് ടാങ്കർ ലോറിയിലും പെട്ടി ഓട്ടോയിലുമാണ് വെളളമെത്തിച്ചിരുന്നത്.
പിഎംഎവൈ പദ്ധതിയിലെ ഒരു ഗുണഭോക്താവായ പള്ളിപ്പെറ്റ വിജയന് 2016 – 17 കാലത്താണ് രണ്ടുലക്ഷം ലക്ഷം ലഭിച്ചത്. വീടിന്റെ പണി ഏറെക്കുറെ പൂർത്തിയാക്കാനായെങ്കിലും വെള്ളവും വെളിച്ചവും എത്തിക്കാനാവാത്തതിനാൽ ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണു കഴിയുന്നത് . തിരുവില്വാമല ടൗണിലുള്ള ഹോട്ടലിലെ ജീവനക്കാരനാണ് വിജയൻ . മറ്റുള്ളവരുടെ അവസ്ഥയും വ്യത്യസ്തമല്ല .
പത്തനംതിട്ട സ്വദേശിനിയും സാമൂഹ്യ പ്രവർത്തകയുമായ എം.എസ്. സുനിൽ ടീച്ചർ ഇതിൽ ഒരു വീടിന്റെ പണി പൂർത്തിയാക്കി കൊടുത്തിരുന്നു . കഴിഞ്ഞ ദിവസമാണ് വീടിന്റെ താക്കോൽ ദാനം നടന്നത് .
ഇവിടേക്ക് വൈദ്യുതി എത്തിക്കാൻ വനം വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ പറഞ്ഞു. പരിവാഹൻ പോർട്ടറിൽ അപേക്ഷ നൽകിയതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഉദയൻ പറഞ്ഞു.
ശശികുമാർ പകവത്ത്