തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സമരത്തിൽ രണ്ടരലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പോലീസ്. വിവിധ എഫ്ഐആറുകളിൽ രജിസ്റ്റർ ചെയ്ത കണക്ക് പ്രകാരം രണ്ടരലക്ഷം രൂപയുടെ പോലീസ് മുതൽ നശിപ്പിച്ചതായാണ് കണക്ക്. പോലീസിന്റെ മൂന്ന് വാഹനങ്ങൾക്ക് നഷ്ടം സംഭവിച്ചു. ലാത്തിയും ഫൈബർ ഷീൽഡും ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് നാശ നഷ്ടമുണ്ടായി.
പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് 15 പേരെ പ്രതി ചേർത്ത് കേസ് എടുത്തു. സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോൺമെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെഎസ്യു സംസ്ഥാന കമ്മിറ്റി ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവകേരള സദസിന് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്.
അതേസമയം, വനിതാ പ്രവർത്തകരെ സംഘർഷത്തിനിടയിൽ പുരുഷ പോലീസുകാർ ലാത്തി കൊണ്ട് മർദിച്ചെന്ന് പരാതി. പരിക്കേറ്റ പ്രവർത്തകരെ പോലീസ് തടഞ്ഞുവച്ചതുകൊണ്ടാണ് ഇത്ര വലിയ സംഘർഷമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.