കാഞ്ഞിരപ്പള്ളി: നവജാത ശിശുക്കൾക്കൊപ്പം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷം വേറിട്ടതായി. കുന്നുംഭാഗം കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്.
തൊപ്പിയും ഉടുപ്പും അണിഞ്ഞ അമ്പതോളം നവജാത ശിശുക്കളും അവരുടെ മാതാപിതാക്കളുമാണ് ആശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കാളികളായത്.
ചുവന്ന തൊപ്പിയും ഉടുപ്പുമണിഞ്ഞും കുഞ്ഞിളം മോണകൾ കാട്ടി ചിരിച്ചും അന്പതോളം കുഞ്ഞുങ്ങൾ ആഘോഷത്തിലെ പ്രധാന താരങ്ങളായി.
ഇതിൽ ഒരു മാസം പ്രായമുള്ളവർ മുതൽ ഇന്നലെ ഭൂമിയിലേയ്ക്ക് പിറന്നുവീണവർ വരെ ഉണ്ടായിരുന്നു.ദൈവപുത്രന്റെ ജനനത്തെ വരവേല്ക്കുന്നത് ഭൂമിയിലേക്ക് പുതിയതായി പിറന്നു വീണവർ തന്നെയാകട്ടെ എന്ന തീരുമാനത്തോടെയാണ് കുന്നുംഭാഗത്തെ കർഷക കൂട്ടായ്മയായ കാർഷിക കൂട്ടം കിഡ്സ്മസ് എന്ന പേരിൽ ആഘോഷം നടത്തിയത്.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണിയുടെ അധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ക്രിസ്മസ് സമ്മാനങ്ങൾ നൽകി.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, കുന്നുംഭാഗം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. സേവ്യർ കൊച്ചുപറമ്പിൽ, വാർഡ് മെംബർ ആന്റണി മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാന്പൂരി, സിസ്റ്റർ ജാൻസി മരിയ എസ്എബിഎസ്, സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ്, ഡോ. നിഷ കെ. മൊയ്തീൻ, ഡോ. രേഖ ശാലിനി എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ജനിച്ചു വീണത് 117 ശിശുക്കളാണ്. ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ജി.എൽ. പ്രശാന്ത്, കെ.എം. ഐഷ, സ്മിത വർഗീസ്, എൻ. അരുൺകുമാർ എന്നിവരെയും ശിശുരോഗ വിഭാഗം ഡോക്ടർമാരായ ബിജു ഫൈസൽ, രാജു ഫ്രാൻസിസ് എന്നിവരെയും മറ്റ് ജീവനക്കാരെയും യോഗത്തിൽ ആദരിച്ചു.
ക്രിസ്മസ് ആഘോഷത്തിന് മോടി കൂട്ടാൻ കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ കുട്ടികളുടെയും കരോൾ ഗാനവും ക്രിസ്മസ് പാപ്പയുമുണ്ടായിരുന്നു.