മൂലമറ്റം: വയോധികരായ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് ഇന്നു രാവിലെ വീടിനു സമീപത്തെ പുഴയോരത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരന്(70) ഭാര്യ തങ്കമ്മ (65) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റു മരിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അജേഷിനായി പോലീസ് ഊര്‍ജിതമായ തെരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂലമറ്റം കുറുങ്കയം ഭാഗത്ത് നാച്ചാര്‍ പുഴയോരത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.കാഞ്ഞാര്‍ എസ്എച്ച്ഒ ഇ.കെ.സോള്‍ജിമോന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതിനിടെ വെട്ടേറ്റു മരിച്ച കുമാരന്റെയും തങ്കമ്മയുടെയും മൃതദേഹങ്ങള്‍ ഇന്ന് ഇന്‍ക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കുടുംബ വഴക്കിനെത്തുടര്‍ന്നാണ് നാടിനെ ഞെട്ടിച്ച ഇരട്ടകൊലപാതകം നടന്നത്. കുമാരനും ഭാര്യയും തൊഴിലുറപ്പു തൊഴിലാളികളായിരുന്നു. ഇന്നലെ രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്താതിരുന്നതിനെ തുടര്‍ന്ന് കുമാരന്റെ സഹോദരി കമലാക്ഷി വീട്ടിലെത്തിപ്പോഴാണ് അരുകൊല പുറംലോകം അറിയുന്നത്.
കുമാരനെ വെട്ടേറ്റ് മരിച്ചനിലയിലും തങ്കമ്മയെ രക്തത്തില്കുളിച്ച് നിലയിലും കണ്ടെത്തി. തങ്കമ്മയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുറച്ചു ദിവസങ്ങളായി വീട്ടില്‍ വഴക്കുണ്ടായിരുന്നതായും അയല്‍വാസികളോട് ഇവിടെ കയറരുതെന്നും കയറിയാല്‍ കൊല്ലുമെന്നും അജേഷ് ഭീഷണിപ്പെടുത്തിയിരുന്നതായി സമീപവാസികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുമളി സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്നു വിവാഹം കഴിച്ച കേസില്‍ അജേഷ് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഇവര്‍ക്കൊപ്പം കുമളിയിലായിരുന്നു താമസം.
സംഭവ ദിവസം മദ്യപിച്ചെത്തിയ ഇയാള്‍ക്ക് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. കുമാരന്റെയും തങ്കമ്മയുടെയും മകള്‍ കാഞ്ചിയാര്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരിയും മരുമകന് ഫയര്‍ഫോഴ്സ് ഡ്രൈവറുമാണ്.