ഇടുക്കി: കുമളി ചെങ്കര പുല്ലുമേട് ശങ്കരഗിരിക്ക് സമീപം അയ്യപ്പഭക്തരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ചെങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കട്ടപ്പനയിലെയും കുമളിയിലെയും ആശുപത്രികളില്‍ എത്തിച്ചു.
തമിഴ്നാട്ടില്‍ നിന്നു തീര്‍ഥാടകരുമായെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നു പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. മധുരയില്‍ നിന്നു ശബരിമലയിലേയ്ക്ക് വന്ന ബസ് ശങ്കരഗിരിക്ക് സമീപത്തെ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ബസിനുള്ളിലെ തീര്‍ഥാടകരെ ഇതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. 26 പേര് വാഹനത്തിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.