യുഎസ്: അമേരിക്കയിൽ ഇന്ത്യൻ സമൂഹത്തിന്റെ ആധിപത്യം വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഹിന്ദു കോക്കസ് കോൺഗ്രസ് രൂപീകരിച്ചു. അമേരിക്കയിലെ ഹിന്ദുക്കളോടുള്ള വിദ്വേഷവും വിവേചനവും അവസാനിപ്പിക്കുക എന്നതാണ് ഹിന്ദു കോക്കസിന്റെ ലക്ഷ്യം.
ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുഎസ് പാർലമെന്റിൽ അവതരിപ്പിച്ചു പരിഹാരം കാണുകയെന്ന ലക്ഷ്യവുമുണ്ട്.
റിപ്പബ്ലിക്കൻ എംപിമാരായ പീറ്റർ സെഷൻസിന്റെയും ആലീസ് സ്റ്റെഫാനിക്കിന്റെയും നേതൃത്വത്തിലാണ് ഹിന്ദു കോക്കസ് കോൺഗ്രസ് രൂപീകരിച്ചത്. ഇതിന്റെ വിവരം ഇരുവരും യുഎസ് പാർലമെന്റിൽ അറിയിച്ചു.
ഹിന്ദു കോക്കസ് കോൺഗ്രസ് നിലവിൽ വരുന്നതോടെ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ ശബ്ദം പാർലമെന്റിൽ കൂടുതലായി മുഴങ്ങുമെന്നു പീറ്റർ ചൂണ്ടിക്കാട്ടി. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബ്രിട്ടൻ, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദുക്കൾ ഹിന്ദു കോക്കസ് കോൺഗ്രസിൽ പങ്കാളികളാകും. ഇന്ത്യൻ വംശജരായ സിഖ്, ജൈന, ബുദ്ധ മതങ്ങളിൽനിന്നുള്ള പ്രതിനിധികളും ഈ കോക്കസിൽ ഉൾപ്പെടും.
യുഎസ് പാർലമെന്റിൽ പൊതുലക്ഷ്യമുള്ള നേതാക്കളുടെ ഗ്രൂപ്പുകളെയാണു കോക്കസുകൾ എന്ന് വിളിക്കുന്നത്. ചേംബറിന്റെ നിയമങ്ങൾക്കനുസരിച്ചാണു ഈ കോക്കസുകളുടെ ഭരണം. ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്ന ഇന്ത്യൻ വംശജരായ എംപിമാരുടെ കൂട്ടമായ സമോസ കോക്കസ് നിലവിലുണ്ട്. ഏകദേശം 40 ലക്ഷം ഇന്ത്യൻ വംശജർ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതിൽ 15 ലക്ഷത്തിലധികം പേർ അമേരിക്കയിൽ വോട്ടവകാശമുള്ളവരാണ്.