പാലക്കാട്: ഒളിന്പിക്സ് മെഡലിലേക്കുള്ള യാത്രയ്ക്കു കരുത്തുപകർന്ന് ശ്രീശങ്കറിന് അർജുന പുരസ്കാരം. ശ്രീയുടെ നേട്ടത്തിൽ അത്യാഹ്ലാദത്തിലാണു കുടുംബാംഗങ്ങളും നാട്ടുകാരും.
പുരസ്കാരം കഴിഞ്ഞവർഷം ലഭിച്ചേക്കുമായിരുന്നെങ്കിലും ശ്രീശങ്കർ അപേക്ഷ നൽകിയിരുന്നില്ല. കഴിഞ്ഞവർഷം പുരസ്കാരം ലഭ്യമാകുന്നതിനുള്ള നേട്ടങ്ങൾ ഉണ്ടായില്ലെന്ന തോന്നലിലാണ് അപേക്ഷ നൽകാതിരുന്നതെന്നു ശ്രീശങ്കർ പറഞ്ഞു. ഈ വർഷം കോമണ്‍വെൽത്ത് ഗെയിംസിൽ ലോംഗ്ജംപിൽ വെള്ളിമെഡൽ ലഭിച്ചതോടെയാണ് അപേക്ഷ നൽകിയത്.
‘പുരസ്കാരത്തിൽ അധികസന്തോഷമില്ല. ഒളിന്പിക് മെഡൽ നേടുക എന്നതാണു ലക്ഷ്യം’- ശ്രീശങ്കർ മനസ് തുറന്നു. ഒരാഴ്ചമുന്പ് വീട്ടിലുണ്ടായിരുന്ന ശ്രീശങ്കർ ഇപ്പോൾ പരിശീലനാർഥം സ്കോട്ട്ലൻഡിലാണ്. ശ്രീശങ്കർ ഇല്ലെങ്കിലും അർജുന അവാർഡ് നേട്ടത്തിന്റെ ആഹ്ലാദത്തിലാണു കുടുംബം. രണ്ടു ദിവസത്തിനകം ശ്രീശങ്കർ നാട്ടിൽ തിരിച്ചെത്തുന്നതോടെ ആഘോഷം നടത്താനാണ് തീരുമാനം.
പന്ത്രണ്ടാം വയസിൽ ലോകത്തെ അറിയപ്പെടുന്ന കായികതാരമായി തീരാനായിരുന്നു ശ്രീശങ്കറിന്റെ മോഹം. അന്ന് തമാശയ്ക്ക് ‘ഒളിന്പ്യൻ ശങ്കർ’എന്ന മെയിൽ ഐഡി ഉണ്ടാക്കിയപ്പോൾ നാട്ടുകാർ കളിയാക്കുമെന്നു വീട്ടുകാർ താക്കീത് നൽകിയെങ്കിലും, ആ നേട്ടത്തിലേക്ക് അടുക്കുകയാണ് യുവതാരം.
ശ്രീശങ്കറിന് എൻജിനിയറിംഗ് പ്രവേശനം കിട്ടിയെങ്കിലും മുൻഗണന നൽകിയതു കായികപരിശീലനത്തിനായിരുന്നു. ദേശീയ ട്രിപ്പിൾ ജംപ് താരമായിരുന്ന പിതാവ് എസ്. മുരളിയും ദേശീയ അത്ലറ്റായിരുന്ന കെ.എസ്. ബിജിമോളും മകനു പൂർണപിന്തുണയുമായി ഒപ്പമുണ്ട്.
സഹോദരി പാർവതി തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിനിയാണ്. അമ്മ ബിജിമോൾ എഫ്സിഐ കോയന്പത്തൂർ ശാഖാ മാനേജരും. പിതാവ് മുരളിയാണ് കോച്ച്.